Monday, November 2, 2026
HomeNewsപി.എസ്.സി പരീക്ഷ ക്രമക്കേട്: അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും

പി.എസ്.സി പരീക്ഷ ക്രമക്കേട്: അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിൽ നടന്ന ക്രമക്കേടുകളുടെ പേരിലാണ് സക്കീർ അന്വേഷണ പരിധിയിൽ വരുന്നത്. ഈ രണ്ടു പരീക്ഷകളിലും സി.പി.എമ്മിനുവേണ്ടി സക്കീർ ഇടപെട്ടെന്നാണ് ആരോപണം.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രണ്ടു കേസുകളിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. സക്കീറിന് നോട്ടീസ് നൽകി മൊഴിയെടുക്കാനൊരുങ്ങുകയാണ് എസ്.ഐ.ടി. ഇതോടെ സി.പിഎമ്മും സംശയ നിഴലിലാവുകയാണ്. സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി എൽ.ഡി.എഫ് സർക്കാർ നിയമിച്ച സക്കീർ, സ്ഥാനം രാജിവെച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

2016 മുതൽ 2022 വരെയാണ് എം.കെ. സക്കീർ പി.എസ്.സി ചെയർമാനായത്. ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷ നടന്നത് 2019ലാണ്. 2020ൽ റാങ്ക് പട്ടിക വന്നു. പി.എസ്.സി ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് നിയമനം കിട്ടാൻ യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തിയെന്നാണ് ആരോപണം. വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഈ തസ്തികക്ക് ആവശ്യമായ പ്രത്യേക പരിശീലന കോഴ്സിൽ ഇവർ പങ്കെടുത്തത്. വർഷങ്ങളായി ആ സ്ഥാപനത്തിൽനിന്ന് ഈ മേഖലയിൽ പരിശീലനം നേടിയ ഏക വ്യക്തി ഇവരാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

2020ലാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പരീക്ഷ നടന്നത്. 2022ൽ റാങ്ക്ലിസ്റ്റ് വന്നു. ഈ തസ്തികയിലേക്ക് നിയമനം ലഭിച്ച 42 പേരിൽ 38 പേരും കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ വിദ്യാർഥികളായിരുന്നു. ചോദ്യപേപ്പർ തയാറാക്കിയതും ഇൻറർവ്യൂ ബോർഡിൽ ഇരുന്നതും ഇവിടത്തെ അധ്യാപകരാണെന്നും പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments