സുന്ദർ സി സംവിധാനത്തിലെത്തുന്ന നയൻതാരയുടെ മൂക്കുത്തി അമ്മൻഡ 2- മഹാശക്തി ദീപാവലി റിലീസായെത്തും. നവംബർ ആറിനാണ് ചിത്രത്തിന്‍റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നയൻതാരക്കൊപ്പം രണ്ട് സർപ്രൈസ് താരങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നുണ്ട്.സിനിമയുടെ പേര്, നിർമാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നിവർ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗം ഒന്നാം ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും സംവിധായകൻ സുന്ദർ സി പറയുകയുണ്ടായി. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സിനമയുടെ പ്രീ റിലീസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ സാങ്കേതിക മികവിനെ കുറിച്ചും സംവിധായകൻ പറയുകയുണ്ടായി.
400ഓളം അംഗങ്ങൾ ഒന്നര വർഷം അധ്വാനിച്ചാണ് സിനിമയുടെ സിജിഐ ജോലികൾ പൂർത്തിയാക്കിയതെന്നും 3000ത്തിലധികം ഷോട്ടുകളിൽ സിജിഐ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ 15 ശതമാനം മാത്രമാണ് എഐ ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിപ്ഹോപ് തമിഴ ആദിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കോമഡിയും ആക്ഷനും ഇമോഷനും ഫാന്‍റസിയുമെല്ലാം ചേർന്ന ഒരു കംപ്ലീറ്റ് എന്‍റർടൈനറായിരിക്കും മൂക്കുത്തിയമ്മൻ രണ്ടാം ഭാഗവുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

