ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കൊരു തിടുക്കമില്ലെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാല്‍ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നല്‍കി.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷം രൂക്ഷമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും പരസ്പര പോർവിളികളെന്നതും ശ്രദ്ധേയം.
അടുത്തതൊരു ‘സാധാരണ യുദ്ധമല്ല’വാഷിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാനുമായുള്ള യുദ്ധത്തെ ‘സാധാരണ യുദ്ധമല്ല’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. ചർച്ചകള്‍ തുടരുന്നുണ്ടെന്നും ഇറാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സൈനികരുടെയും പൊലീസിന്‍റെയും ശമ്പളം നല്‍കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അവകാശപ്പെട്ടു. ഏഴുമാസമായി തുടരുന്ന സംഘർഷത്തില്‍ അമേരിക്കയ്ക്ക് തിടുക്കമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെയാണ് അമേരിക്കൻ സൈനികർക്ക് കൂട്ടകുഴിമാടങ്ങള്‍ നിർമ്മിക്കാനുള്ള പരിശീലനം പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടുമാരംഭിച്ചെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതെന്നതും ശ്രദ്ധേയം.
അതിനിടെ, ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയ മൊജ്തബ ഖമനേയി, ഏത് തരത്തിലുള്ള ഭീഷണിയെയും ഉടനടി ഫലപ്രദമായും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെയും നേരിടണമെന്ന് സായുധസേനയ്ക്ക് നിർദേശം നല്‍കി. ശത്രുക്കള്‍ വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ ആക്രമണം നടത്തിയാല്‍ യുദ്ധം അവസാനിപ്പിക്കേണ്ട സമയവും സാഹചര്യവും ഇറാനും ജനതയും തീരുമാനിക്കുമെന്നും മൊജ്തബ വ്യക്തമാക്കി. യുദ്ധം ഇനി ആര് തുടങ്ങിയാലും എപ്പോള്‍, എങ്ങനെ യുദ്ധം തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ മുന്നറിയിപ്പ് നല്‍കി. പ്രതിരോധശേഷി വർധിപ്പിക്കാനും സൈനിക സാങ്കേതികവിദ്യ ശക്തിപ്പെടുത്താനും നിർദ്ദേശിച്ച മൊജ്തബ, അടുത്ത യുദ്ധത്തില്‍ അക്രമിക്കാൻ അതിർത്തികള്‍ നോക്കേണ്ടതില്ലെന്നും ഇറാന്‍റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കിടെ നിർദേശിച്ചെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
അതേസമയം, സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്രനീക്കങ്ങളും തുടരുകയാണ്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ കത്ത് ലഭിച്ചതായും ചർച്ചകള്‍ക്കുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ഹോർമുസ് കടലിടുക്ക് രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും തുറക്കാനുള്ള നിർദേശവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം ഇരുരാജ്യങ്ങള്‍ക്കിടെയില്‍ സംഭാഷണത്തിന് മധ്യസ്ഥം വഹിക്കാനുള്ള താത്പര്യം അറിയിച്ച് ചൈനയും രംഗത്തെത്തി. ഒരു വഴിക്ക് നയതന്ത്രചർച്ചകള്‍ പുരോഗമിക്കുമ്പോഴും സൈനിക മുന്നറിയിപ്പുകള്‍ ശക്തമാകുന്നത് മേഖലയില്‍ ആശങ്ക വർധിപ്പിക്കുന്നു. അതേസമയം നിലവിലെ സാമ്പത്തിക മാന്ദ്യവും ഭക്ഷ്യ – ഇന്ധന പ്രതിസന്ധികളും കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ, വാണിജ്യമേഖലയെ നേരിട്ട് ബാധിക്കുന്ന മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി ലോകത്തിനുണ്ടോയെന്ന ആശങ്കയിലാണ് ലോകം.

