ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെ വീണ്ടും ഭീകരാക്രമണം. 5 ജവാൻമാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകിട്ട് കശ്മീരിലെ ഗുൽമാർഗിലെ ഗന്ദർബാലിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ഭീകരാക്രമണത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ പ്രീതം സിംഗാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രീതം സിംഗ് മരിച്ചത്. പിന്നാലെ പ്രദേശത്ത് പരിശോധനയ്‌ക്കെത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
കരസേന വാഹനവും ആക്രമിക്കപ്പെട്ടു. പരിക്കേറ്റ ജവാൻമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൈന്യം വ്യക്തമാക്കി. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 72 മണിക്കൂറിനിടെ ഗന്ദർബാൽ ജില്ലയിൽ നടന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ തുരങ്കനിർമാണക്കമ്പനിയിലെ ഡോക്ടറും ഇതരസംസ്ഥാനക്കാരായ ആറ് നിർമാണത്തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഭീകരാക്രമണമുണ്ടായത്. കനത്ത തിരിച്ചടി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.