Tuesday, October 27, 2026
HomeAmericaപലിശനിരക്കുകൾ ഉയരുമോ?: ഫെഡറൽ റിസർവ് തീരുമാനം ഈ ആഴ്ച; മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ

പലിശനിരക്കുകൾ ഉയരുമോ?: ഫെഡറൽ റിസർവ് തീരുമാനം ഈ ആഴ്ച; മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ

വാഷിംഗ്ടൺ : യു.എസിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കണമോ എന്ന കാര്യത്തിൽ യു.എസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് ഈ ആഴ്ച തീരുമാനമെടുത്തേക്കും. ഈ വർഷത്തെ രണ്ടാമത്തെ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യതയാണ് ബാങ്ക് പരിശോധിക്കുന്നത്. എന്നാൽ, ബുധനാഴ്ച പുറത്തുവിടുന്ന പുതിയ നയപ്രഖ്യാപനത്തിൽ ഫെഡറൽ റിസർവ് നിലവിലെ പലിശനിരക്കായ 3.75% – 4% എന്നതിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും വാൾസ്ട്രീറ്റ് അനലിസ്റ്റുകളും വിലയിരുത്തുന്നത്.

ഊർജ്ജ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് സെപ്റ്റംബറിൽ യു.എസിലെ പണപ്പെരുപ്പ നിരക്ക് 3.7 ശതമാനമായി ഉയർന്നിരുന്നു. ഇന്ധനം, ഗ്യാസ് എന്നിവ ഒഴിവാക്കിയുള്ള കോർ ഇൻഫ്ലേഷൻ നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 2.6 ശതമാനമാണ് വർദ്ധിച്ചത്. നിലവിൽ 2 ശതമാനം പണപ്പെരുപ്പമാണ് ഫെഡറൽ റിസർവ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഗാലന് 4 ഡോളറിന് മുകളിൽ തുടരുന്ന പെട്രോൾ വിലയാണ് സെപ്റ്റംബറിലെ വിലക്കയറ്റത്തിന് പ്രധാന കാരണമായതെന്ന് ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.

സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശനിരക്കിൽ കാൽ ശതമാനം വർദ്ധനവ് വരുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ആദ്യത്തെ വർദ്ധനവായിരുന്നു ഇത്. നവംബർ 3-ന് നടക്കാനിരിക്കുന്ന നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഫെഡറൽ റിസർവിന്റെ ഈ യോഗം ചേരുന്നത് എന്നതിനാൽ രാജ്യം ഏറെ പ്രാധാന്യത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നത്.

ഒക്ടോബറിലെ യോഗത്തിൽ നിരക്കുകൾ നിലനിർത്തിയാലും, ഡിസംബർ 8, 9 തീയതികളിൽ നടക്കുന്ന ഈ വർഷത്തെ അവസാന യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതുവേയുള്ള വിലയിരുത്തൽ. പലിശ നിരക്ക് പ്രഖ്യാപനത്തിന് ശേഷം ഫെഡ് ചെയർമാൻ കെവിൻ വാർഷ് മാധ്യമങ്ങളെ കാണും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments