തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. മുൻ മോഡൽ സ്റ്റേസി വില്യംസാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനെ പിന്തുണയ്ക്കുന്ന സർവൈവേഴ്‌സ് ഫോർ കമല’ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിലാണ് അൻപത്തിയാറുകാരിയായ സ്റ്റേസി 1993ൽ നടന്ന സംഭവം വെളിപ്പെടുത്തിയത്.
സ്റ്റേസി വില്യംസ് ഓൺലൈൻ മീറ്റിങ്ങിനിടെ ദുരനുഭവം തുറന്നുപറയുന്നു
ജെഫ്രി എപ്‌സ്റ്റീൻ എന്ന പിൽകാലത്ത് ബാലപീഡകൻ എന്ന് കണ്ടെത്തിയ വ്യക്തി വഴിയാണ് 1992ൽ ആദ്യമായി ട്രംപിനെ കണ്ടെത്തിയതെന്ന് സ്റ്റേസി വില്യംസ് പറയുന്നു. അന്ന് എപ്‌സ്റ്റീനുമായി സ്റ്റേസി ഡേറ്റിങ്ങിലായിരുന്നു. ട്രംപും എപ്‌സ്റ്റീനും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കുന്നവരായിരുന്നു. അങ്ങനെ പോകവെയാണ് 1993ൽ ട്രംപ് ടവറിൽ വച്ച് ദുരനുഭവം ഉണ്ടായത്. സന്ദർശനത്തിനായി എപ്‌സ്റ്റിനൊപ്പം എത്തിയ തന്നെ ട്രംപ്, പെട്ടെന്ന് വലിച്ചടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയും ചെയ്തുവെന്നും സ്റ്റേസി ആരോപിച്ചു. ആ സമയം, ഇരുവരും പരസ്പരം നോക്കി ചിരിക്കുകയായിരുന്നുവെന്നും ഓൺലൈൻ മീറ്റിങ്ങിൽ സ്റ്റേസി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പിന്നീട് ജെഫ്രി എപ്‌സ്റ്റീൻ പിടിക്കപ്പെട്ടിരുന്നു. 2001നും 2006നുമിടയിൽ എൺപതോളം കുട്ടികളെയാണ് ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കിയത്. ലൈംഗിക അടിമകളാക്കുന്ന കുട്ടികളെ എപ്സ്റ്റീൻ മറ്റു പ്രമുഖർക്ക് കൈമാറുകയും ചെയ്തിരുന്നു.
സ്റ്റേസി വില്യംസിന്റെ ആരോപണങ്ങളെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘം ഉടനടി നിഷേധിച്ചു. ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണ്. ഒരിക്കൽ ഒബാമയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഒരാളെ ഉപയോഗിച്ച് കമല ഹാരിസിൻ്റെ ടീം അപവാദ പ്രചാരണം നടത്തുകയാണെന്നും ആയിരുന്നു പ്രതികരണം.
അതേസമയം, ട്രംപുമായുള്ള പരിചയം വെളിപ്പെടുത്താൻ 1993-ൽ ട്രംപ് തൻ്റെ ഏജൻ്റിന് കൊറിയർ വഴി അയച്ച പോസ്റ്റുകാർഡും സ്റ്റേസി വില്യംസ് പുറത്തുവിട്ടിട്ടുണ്ട്. മുൻ പ്രസിഡന്റിന്റെ ഫ്ലോറിഡ പാം ബീച്ചിലെ താമസസ്ഥലവും റിസോർട്ടുമായ മാർ-എ-ലാഗോയുടെ ആകാശ കാഴ്ച ഉൾപ്പെടുന്ന പോസ്റ്റ് കാർഡിൽ ട്രംപിന്റെ സമാനമായ കയ്യക്ഷരത്തിൽ ചെറിയൊരു കുറിപ്പുമുണ്ട്.
ഒന്നിലധികം കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്തുള്ള ട്രംപിനെതിരെ നിരവധി സ്ത്രീപീഡന പരാതികൾ ഇതിന് മുൻപും ഉയർന്നുവന്നിരുന്നു. അവരുടെ സമ്മതമില്ലാതെ ചുംബിക്കുന്നു, വസ്ത്രത്തിനുള്ളിൽ കൈയിടുന്നു, വസ്ത്രം മാറുന്ന മുറിയിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങൾ ട്രംപിനെതിരെയുണ്ട്.
2020-ൽ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ സ്റ്റേസി വില്യംസ് വിവരിച്ചതിന് സമാനമായ ആരോപണങ്ങളായിരുന്നു ആമി ഡോറിസ് എന്ന മുൻ മോഡൽ ട്രംപിനെ കുറിച്ച് പങ്കുവെച്ചത്. കോളമിസ്റ്റായ ഇ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തതിൽ ട്രംപ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, കഴിഞ്ഞ വർഷം കണ്ടെത്തുകയും അവർക്ക് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു.