വാഷിങ്ടൺ: യു.കെയിലെ ലേബർ പാർട്ടി യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന പരാതിയുമായി ഡോണൾഡ് ട്രംപ്. ഫെഡറൽ ഇലക്ഷൻ കമീഷനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ട്രംപ് നൽകിയത്. കമല ഹാരിസിനെ വിജയിപ്പിക്കാൻ ലേബർ പാർട്ടി ശ്രമിക്കുകയാണെന്ന ആരോപണമാണ് ട്രംപ് ഉയർത്തിയത്.
ഈയാഴ്ചയുടെ തുടക്കത്തിലാണ് ഇതുസംബന്ധിച്ച പരാതി ട്രംപ് നൽകിയത്. മാധ്യമവാർത്തകളേയും ലേബർ പാർട്ടിയും കമല ഹാരിസും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് പരാതി. ലേബർ പാർട്ടിയിലെ സ്ട്രാറ്റജിസ്റ്റ് ടീം ഹാരിസിന്റെ പ്രചാരണവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡോണാൾഡ് ട്രംപ് ആരോപിക്കുന്നു.
ലേബർപാർട്ടിയിലെ 100ഓളം സ്റ്റാഫ് മെമ്പർമാർ യു.എസിൽ പ്രധാനപോരാട്ടം നടക്കുന്ന സ്റ്റേറ്റുകളിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുകയാണെന്നും ട്രംപ് പരാതിയിൽ പറയുന്നു. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതിനുള്ള തെളിവാണെന്നും ട്രംപ് വ്യക്തമാക്കുന്നു.
അതേസമയം, ഡോണൾഡ് ട്രംപിന്റെ പരാതിക്ക് വലിയ പിന്തുണ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വിദേശത്ത് നിന്നുള്ള വളണ്ടിയർമാർക്ക് യു.എസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിക്കാം. ഇതിന് പണം വാങ്ങരുതെന്ന് മാത്രമാണ് നിബന്ധന.