Friday, October 9, 2026
HomeAmericaട്രംപിന്റെ ‘വിസ വിലക്കിൽ വലഞ്ഞ് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ: പ്രമുഖ ഐ.ടി കമ്പനികൾക്ക് യുഎസ് ഗ്രീൻ...

ട്രംപിന്റെ ‘വിസ വിലക്കിൽ വലഞ്ഞ് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ: പ്രമുഖ ഐ.ടി കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്ക്

വാഷിംഗ്ടൺ: ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും പ്രമുഖ ആഗോള സാങ്കേതികവിദ്യാ കമ്പനികൾക്കും കനത്ത പ്രഹരമേൽപ്പിച്ച് ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസ നിയന്ത്രണം. മൈക്രോസോഫ്റ്റ്, അഡോബി എന്നിവയ്ക്ക് പുറമെ പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളായ ഇൻഫോസിസ്, ടാറ്റ (ടിസിഎസ്), വിപ്രോ, എച്ച്.സി.എൽ, കോഗ്നിസെന്റ്, കാപ്ജെമിനി എന്നിവയെ യുഎസ് സർക്കാരിന്റെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (PERM) നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു.

വിദേശ ജീവനക്കാർക്ക് യുഎസിൽ സ്ഥിരതാമസത്തിനുള്ള ‘ഗ്രീൻ കാർഡ്’ ലഭിക്കുന്നതിലെ ഏറ്റവും നിർണായക ഘട്ടമാണ് PERM ലേബർ സർട്ടിഫിക്കേഷൻ. ഈ വിലക്കോടെ, പ്രസ്തുത കമ്പനികൾ നൽകിയിട്ടുള്ള പുതിയതും നിലവിൽ തീർപ്പാക്കാത്തതുമായ ഒരു ഗ്രീൻ കാർഡ് അപേക്ഷയും യുഎസ് ലേബർ ഡിപ്പാർട്ട്‌മെന്റ് ഇനി പ്രോസസ്സ് ചെയ്യില്ല.

വിദേശ തൊഴിൽ വിസകൾ കമ്പനികൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നും അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

“കണക്കുകൾ പരിശോധിച്ചാൽ, മൈക്രോസോഫ്റ്റ് പിരിച്ചുവിട്ട ഓരോ അമേരിക്കൻ തൊഴിലാളിക്കും പകരം ഒന്നര വിദേശ തൊഴിലാളികളെയാണ് അവർ നിയമിച്ചത്,” ജെ.ഡി വാൻസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അമേരിക്കയിൽ നിക്ഷേപം നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അമേരിക്കക്കാരെ പിരിച്ചുവിട്ട് പകരം വിദേശികളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഗ്നിസെന്റ് കമ്പനിക്കെതിരെ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ യുഎസ് ലേബർ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിരുന്നു.യുഎസിലെ എച്ച്-1ബി (H-1B) വിസ ലഭിക്കുന്നവരിൽ നാലിൽ മൂന്ന് ഭാഗവും ഇന്ത്യൻ പ്രൊഫഷണലുകളാണ്. ഇൻഫോസിസ്, ടാറ്റ, വിപ്രോ തുടങ്ങിയ കമ്പനികൾക്ക് യുഎസിൽ വലിയ ബിസിനസ്സ് സാന്നിധ്യമാണുള്ളത്. പുതിയ നടപടി നിലവിലുള്ള എച്ച്-1ബി വിസകളെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. 2009 മുതൽ ഈ കമ്പനികൾ മാത്രം 2.3 ലക്ഷത്തിലധികം എച്ച്-1ബി വിസകളും ഒരു ലക്ഷത്തിലധികം പെർമനന്റ് ലേബർ സർട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ടെന്ന് യുഎസ് വ്യക്തമാക്കുന്നു.

വിദേശ തൊഴിലാളികൾക്ക് പുറമെ രാജ്യാന്തര വിദ്യാർത്ഥികൾക്കെതിരെയും ട്രംപ് ഭരണകൂടം നടപടി കടുപ്പിച്ചു. പഠനത്തിന് ശേഷം യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) പ്രോഗ്രാമിന് 70,000 ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) ഫീസ് ഏർപ്പെടുത്താൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് നിർദ്ദേശിച്ചു. വിദേശ വിദ്യാർത്ഥികളുടെ വേതനവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ ഹാർവാർഡ്, യേൽ, സ്റ്റാൻഫോർഡ് ഉൾപ്പെടെയുള്ള ഒമ്പത് പ്രമുഖ സർവ്വകലാശാലകൾക്കെതിരെയും യുഎസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments