ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവേശനം ചില അതിസമ്പന്നർ തടസ്സപ്പെടുത്തുന്നുവെന്ന ഇലോൺ മസ്കിന്റെ ആരോപണം തള്ളി കേന്ദ്ര സർക്കാർ. രാജ്യത്തെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി ചട്ടക്കൂട് തികച്ചും നീതിയുക്തവും വിവേചനരഹിതവുമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ലൈസൻസ് ലഭിച്ച മൂന്ന് സാറ്റലൈറ്റ് ഓപ്പറേറ്റർമാരും നിലവിൽ ഒരേ റെഗുലേറ്ററി ഘട്ടത്തിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായുള്ള ഇന്ത്യയുടെ റെഗുലേറ്ററി സംവിധാനം വിവേചനപരമാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്ക് മറുപടിയായാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. ഉപയോക്താക്കളുടെയും ഡാറ്റയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ലൈസൻസി ഉടമകളും കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. ഈ സുരക്ഷാ വിലയിരുത്തലുകൾ നിലവിൽ മൂന്ന് കമ്പനികൾക്കും ഒരേപോലെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്ന മുറക്ക് കമ്പനികൾക്ക് അടുത്ത ഘട്ടമായ സ്പെക്ട്രം അസൈൻമെന്റിനായി അപേക്ഷിക്കാവുന്നതാണ്. നിലവിൽ എല്ലാ കമ്പനികളും ഒരേ റെഗുലേറ്ററി ഘട്ടത്തിലാണ് നിൽക്കുന്നത്. അതിനാൽ ചട്ടക്കൂടുകൾ വിവേചനപരമാണെന്ന വാദം അടിസ്ഥാനരഹിതവും തെറ്റിധാരണാജനകവുമാണെന്നും മന്ത്രാലയം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനം തടസ്സപ്പെടുത്താൻ ചില അതിസമ്പന്നർ ശ്രമിക്കുന്നുവെന്നും, ഇത് ഇന്ത്യൻ ജനതയോടുള്ള കുറ്റകൃത്യമാണെന്നുമായിരുന്നു ഇലോൺ മസ്കിന്റെ ആരോപണം. എന്നാൽ രാജ്യത്തെ നിയമപരമായ സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കാനാകൂ എന്നാണ് സർക്കാർ ഇതിന് മറുപടിയായി വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ സ്റ്റാർലിങ്ക് ഉൾപ്പെടെ മൂന്ന് കമ്പനികൾക്കാണ് ഇന്ത്യയിൽ പ്രവർത്തിക്കാനായി ജി.എം.പി.സി.എസ് ലൈസൻസ് നൽകിയിട്ടുള്ളത്. ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂടേഴ്‌സാറ്റ് വൺവെബ്, റിലയൻസ് ജിയോയുടെ പൂർണ ഉടമസ്ഥതയിലുള്ള ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയാണ് ലൈസൻസ് നേടിയ മറ്റ് രണ്ട് കമ്പനികൾ. കൂടാതെ ജെഫ് ബെസോസിന്റെ ആമസോൺ ലിയോയും ലൈസൻസിനായി രംഗത്തുണ്ട്.

