Monday, September 21, 2026
HomeNewsസംസ്ഥാനത്ത് കനത്ത മഴ: 6 മരണം, വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴ: 6 മരണം, വ്യാപക നാശനഷ്ടം

തിരുവനന്തപുരം : സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽപ്പെട്ട് ഇതുവരെ 6 പേർ മരണപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ഇടുക്കിയിലെ മലയോര മേഖലകളിൽ വൈകിട്ട് 7 മണി മുതൽ രാവിലെ 6 മണി വരെ രാത്രിയാത്രയ്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. അലർട്ടുകൾ പിൻവലിക്കുന്നത് വരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.

മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂന്നാറിൽ ഗതാഗത തിരിച്ചുവിടൽ ഏർപ്പെടുത്തി. പഴയ മൂന്നാറിലൂടെയുള്ള വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡ് വഴി പൊലീസ് സ്റ്റേഷന് അടുത്തുള്ള പാലം കടന്നാണ് നിലവിൽ ടൗണിലേക്ക് കടത്തിവിടുന്നത്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് 5 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നേര്യമംഗലം – വാളറ റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments