Tuesday, December 24, 2024
HomeAmericaഗാസയിൽ ഇസ്രായേലിന് വൻ തിരിച്ചടി; ഐഡിഎഫ് ഉന്നത കമാൻഡറെ വധിച്ചു

ഗാസയിൽ ഇസ്രായേലിന് വൻ തിരിച്ചടി; ഐഡിഎഫ് ഉന്നത കമാൻഡറെ വധിച്ചു

ഗാസ: ഹമാസ് തലവൻ യഹിയ സിൻവറിന്റെ കൊല്ലപ്പെട്ടതോടെ ഭീഷണി കുറഞ്ഞെന്ന ഇസ്രയേലിന്റെ പ്രതീക്ഷകൾക്ക് വൻ തിരിച്ചടി. ഇസ്രയേല്‍ പ്രതിരോധ സേനയുടെ കമാൻഡർ കേണല്‍ എഹ്സാൻ ദഖ്സ ഗാസയിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉള്‍പ്പെടെ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്കു നേരെ കഴിഞ്ഞദിവസം ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.

വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിലാണ് 41കാരനായ ബ്രിഗേഡ് കമാൻഡർ അഹ്‌സൻ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. തൻ്റെ ടാങ്കില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ജബാലിയ പ്രദേശത്തു നടന്ന സ്ഫോടനത്തിലാണ് 401-ാം ബ്രിഗേഡിൻ്റെ കമാൻഡർ കേണല്‍ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. പ്രദേശം നിരീക്ഷിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു സ്ഫോടകവസ്തു വന്ന് പതിച്ചതെന്നും ഹഗാരി വ്യക്തമാക്കി.

ഡ്രൂസ് പട്ടണമായ ദാലിയത്ത് അല്‍-കർമലില്‍ നിന്നുള്ള ദഖ്‌സ ഗസ്സയിലെ ഹമാസ് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥരില്‍ ഒരാളാണ്. ഇതോടെ ഒക്ടോബർ ഏഴിലെ ആക്രമണം മുതല്‍ ഇതുവരെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഐഡിഎഫ് കേണലുകളുടെ എണ്ണം ആറായി. ഇവരില്‍ നാല് പേർ ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്.

ഡ്രൂസ് കമ്യൂണിറ്റിയിലെ അംഗമായ ദഖ്സ, നാല് മാസം മുമ്ബാണ് ബ്രിഗേഡ് കമാൻ‍ഡറായി നിയമിതനാവുന്നത്. ഹമാസുമായുള്ള സംഘർഷത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന സൈനിക ഓഫീസർമാരില്‍ ഒരാളാണ് ദഖ്സയെന്നതും ഇസ്രായേലിന് തിരിച്ചടിയാണ്. 2006ല്‍ ഹിസ്ബുല്ല- ഇസ്രായേല്‍ യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ രക്ഷിച്ചതിന് ധീരതയ്ക്കുള്ള ആദരം ഏറ്റുവാങ്ങിയ ദഖ്സയെ, ഇസ്രായേല്‍ പ്രസിഡൻ്റ് ഐസക് ഹെർസോഗ് ‘ഹീറോ’ എന്ന് വാഴ്ത്തിയിരുന്നു. ദഖ്സയുടെ മരണം ഇസ്രായേലിനും ഇസ്രായേല്‍ സമൂഹത്തിനും വലിയ നഷ്ടം ആണെന്നും ഹെർസോഗ് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments