നവംബർ ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ കയറരുതെന്ന ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദിയും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ മേധാവിയുമായ ഗുർപത്‍വന്ദ് സിങ് പന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ജീവന് ഭീഷണിയാകുന്ന പുതിയ സന്ദേശമാണ് പന്നു പുറത്തുവിട്ടിരിക്കുന്നത്.
സിഖ് കൂട്ടക്കൊലയുടെ 40 ാം വർഷം എയർ ഇന്ത്യ വിമാനത്തിൽ ആക്രമണമുണ്ടാകുമെന്നാണ് സന്ദേശം. കഴിഞ്ഞ വർഷവും ഇതേ ഭീഷണി സന്ദേശം ഉണ്ടായിരുന്നു.ഇപ്പോൾ ന്യൂയോർക്കിൽ താമസിക്കുന്ന പന്നു ഇന്ത്യയ്ക്ക് എതിരെ നിരന്തരമായ ഭീഷണി സന്ദേശങ്ങൾ അയക്കുന്നുണ്ട്. അമേരിക്കൻ – കനേഡിയൻ പൌതത്വമുള്ള പന്നുവിനെ വധിക്കാൻ ഇന്ത്യ ഗൂഡോലോചന നടത്തി എന്ന കേസിൽ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിനെതിരെ കഴിഞ്ഞ ദിവസം അമേരിക്ക അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയ ഹർദീപ് സിങ് നിജ്ജാറുമായും പന്നൂന് ബന്ധമുണ്ടായിരുന്നു. ഇന്ത്യയുടെ ഭീകരരുടെ പട്ടികയിൽ ഉള്ള വ്യക്തിയാണ് പന്നൂൻ.
അതേ സമയം കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നൂറോളം വ്യാജ ബോംബ് ഭീഷണികൾ വന്നിട്ടുണ്ട്. ഇതിൽ 90 ശതമാനവും ഇന്ത്യയ്ക്ക് വെളിയിൽ നിന്നാണ്. വ്യോമയാന മന്ത്രാലയവും ഇന്ത്യൻ സർക്കാരും ഇത് ഗൌരവമായി തന്നെ എടുത്തിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് പന്നുവിന്റെ പുതിയ ഭീഷണി.