Tuesday, September 15, 2026
HomeNewsപിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം: ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി സുപ്രീംകോടതി

പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം: ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് സംബന്ധിച്ച് നിലവിൽ പര്യാപ്തമായ നിയമങ്ങളുണ്ടെന്നും, അവ കർശനമായി നടപ്പാക്കേണ്ടത് നിയമപാലകരുടെ കർത്തവ്യമാണെന്നും സുപ്രീം കോടതി. സീറ്റ് ബെൽറ്റ് ധരിക്കുന്നത് യാതൊരുകാരണവശാലും കേവലം ഔദ്യോഗിക നടപടിയോ ചടങ്ങോ അല്ലെന്നും, മറിച്ച് അതൊരു ജീവൻ രക്ഷാ കവചമാണെന്നും ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടത് ലോ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര മോട്ടോർ വാഹന നിയമം 1989 (റൂൾ 138(3)) അനുസരിച്ച്, വാഹനം സഞ്ചരിക്കുമ്പോൾ ഡ്രൈവറും മുൻസീറ്റിലിരിക്കുന്ന വ്യക്തിയും, മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം.

വാഹന യാത്രകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. രാജ്യത്ത് റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും വലിയൊരു അളവുവരെ സീറ്റ് ബെൽറ്റ് ഉപയോഗം വഴി ഒഴിവാക്കാനാകുമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, നിലവിലുള്ള നിയമങ്ങൾ വ്യക്തമാണെന്നും പ്രശ്നം അവയുടെ കൃത്യമായ നടപ്പാക്കലിലാണെന്നും കോടതി ചൂണ്ടികാട്ടി.

റോഡ് സുരക്ഷയിലും പിൻസീറ്റ് സീറ്റ് ബെൽറ്റ് ഉപയോഗത്തിലും രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് തുടക്കമിട്ടത് 2022 സെപ്റ്റംബറിലെ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ കാറപകട മരണമാണ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. ഇത് റോഡ് സുരക്ഷാ ബോധവൽക്കരണങ്ങളിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.

ലോകത്തിലെ ആകെ കാറുകളുടെ ഒരു ശതമാനം മാത്രമുള്ള ഇന്ത്യയിൽ, ആഗോള റോഡപകട മരണങ്ങളുടെ ഏകദേശം 11 ശതമാനവും നടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വലിയൊരു പങ്കും കാറുകൾക്കുള്ളിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തത് മൂലം സംഭവിക്കുന്നതാണ്. മോട്ടോർ വാഹന നിയമ പ്രകാരം സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതും യാത്ര ചെയ്യുന്നതും മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 ബി പ്രകാരം കുറ്റകരമാണ്. ഈ നിയമലംഘനത്തിന് ആയിരം രൂപ വരെ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments