വാഷിംഗ്ടൺ : ഗുണനിലവാരമില്ലാത്ത സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടി (ഇൻഫന്റ് ഫോർമുല) നിർമ്മിച്ച് സർക്കാർ പദ്ധതികൾ വഴി വിതരണം ചെയ്തെന്ന പരാതിയിൽ പ്രമുഖ യു.എസ് ഹെൽത്ത് കെയർ കമ്പനിയായ അബോട്ട് ലബോറട്ടറീസ് 38.5 കോടി ഡോളർ (ഏകദേശം 384,999,040 ഡോളർ) പിഴ നൽകാൻ ധാരണയായി.മിഷിഗൺ വെസ്റ്റേൺ ഡിസ്ട്രിക്റ്റ് യു.എസ് അറ്റോർണി ഓഫീസാണ് ഒത്തുതീർപ്പ് വിവരം പുറത്തുവിട്ടത്.
2018 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിൽ മിഷിഗണിലെ സ്റ്റർജിസ്, അരിസോണയിലെ കാസ ഗ്രാൻഡെ എന്നീ നിർമ്മാണ യൂണിറ്റുകളിൽ സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിച്ചു എന്നാണ് കമ്പനിക്കെതിരെയുള്ള പ്രധാന ആരോപണം. ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കൾ വളരാൻ സാധ്യതയുള്ള അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് ഇവിടെ പാൽപ്പൊടി നിർമ്മിച്ചതെന്ന് യു.എസ് നീതിന്യായ വകുപ്പ് 2025 നവംബറിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
നിർമ്മാണ ഉപകരണങ്ങൾ ശരിയായി പരിപാലിക്കാതിരിക്കുക, ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുന്ന ജലാംശം നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുക, മലിനീകരണ സാധ്യതകൾ ബോധപൂർവ്വം മറച്ചുവെക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. അമേരിക്കയിലെ പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സൗജന്യ പോഷകാഹാര പദ്ധതിയായ ‘വിക്’ (WIC), സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിക്കെയ്ഡ്’ എന്നിവ വഴിയാണ് ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തത്.
നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം പദ്ധതികളിലേക്ക് സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ നൽകി കമ്പനി സർക്കാരിനെ വഞ്ചിക്കുകയായിരുന്നുവെന്ന് യു.എസ് അറ്റോർണി തിമോത്തി വെർഹെ പറഞ്ഞു. ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ആകെ തുകയിൽ 34.8 കോടി ഡോളർ യു.എസ് കേന്ദ്ര സർക്കാരിനും, ബാക്കി 3.6 കോടി ഡോളർ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ പദ്ധതികൾക്കുമായാണ് അബോട്ട് നൽകുക.
കമ്പനിക്കുള്ളിലെ ചില ജീവനക്കാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ കേസ് രജിസ്റ്റർ ചെയ്തത്. തുക ഒടുക്കാൻ സമ്മതിച്ചെങ്കിലും തങ്ങൾ കുറ്റം ചെയ്തതായി കമ്പനി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. നിയമനടപടികൾ നീണ്ടുപോകാതിരിക്കാനാണ് കമ്പനി ഒത്തുതീർപ്പിന് തയ്യാറായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

