Saturday, September 12, 2026
HomeNewsരാജ്യത്ത് എം.ബി.ബി.എസ് സീറ്റുകൾ കൂട്ടി ദേശീയ മെഡിക്കൽ കമീഷൻ; സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ...

രാജ്യത്ത് എം.ബി.ബി.എസ് സീറ്റുകൾ കൂട്ടി ദേശീയ മെഡിക്കൽ കമീഷൻ; സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കേരളത്തിൽ 300 പുതിയ സീറ്റുകൾ

ന്യൂഡൽഹി: രാജ്യത്ത് 2026 -27 അധ്യയന വർഷത്തേക്ക് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമീഷൻ. ഇതോടെ രാജ്യത്തെ 836 മെഡിക്കൽ കോളജുകളിലായി ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 1,40,214 ആയി ഉയർന്നു.445 സർക്കാർ മെഡിക്കൽ കോളജുകളിലായി 2,786 സീറ്റുകൾ വർധിപ്പിച്ച് ആകെ സർക്കാർ സീറ്റുകൾ 63,971 ആയി. 391 സ്വകാര്യ മെഡിക്കൽ കോളജുകളിലായി 10,400 സീറ്റുകൾ വർധിച്ച് ആകെ സ്വകാര്യ സീറ്റുകൾ 76,243 ആയി മാറിയതായും എൻ.എം.സിയുടെ സീറ്റ് മാട്രിക്സിൽ പറയുന്നു.

വിവിധ മെഡിക്കൽ കോളജുകളിലെ സീറ്റ് വർധനക്ക് ദേശീയ മെഡിക്കൽ കമീഷൻ അനുമതി നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന് കൂടുതൽ വിദ്യാർഥികൾക്ക് അവസരം ഒരുക്കുക, രാജ്യത്തെ ഡോക്ടർമാരുടെ ലഭ്യത വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സീറ്റ് വർധന.പുതിയ സീറ്റുകളുടെ എണ്ണത്തിൽ കർണാടകയാണ് മുന്നിൽ. 1,650 സീറ്റുകളാണ് കർണാടകയിൽ വർധിച്ചത്. 76 മെഡിക്കൽ കോളജുകളിലായി 15,745 സീറ്റുകളുണ്ട് നിലവിൽ കർണാടകയിൽ. 1,250 പുതിയ സീറ്റുകളുമായി തമിഴ്‌നാടും (ആകെ 14,299 സീറ്റുകൾ), 1,240 സീറ്റുകൾ വർധിപ്പിച്ച് ബിഹാറും, 1,200 സീറ്റുകൾ വർധിപ്പിച്ച് ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ.

കേരളത്തിൽ 300 പുതിയ എം.ബി.ബി.എസ് സീറ്റുകളാണ് വർധിപ്പിച്ചത്. സ്വകാര്യ മെഡിക്കൽ കോളജുകളിലാണ് ഈ വർധനവ്. സ്വകാര്യ മേഖലയിലെ 22 കോളജുകളിലായി ആകെ സീറ്റുകൾ 3,899 ആയി ഉയർന്നു. സംസ്ഥാനത്തെ 14 സർക്കാർ മെഡിക്കൽ കോളജുകളിൽ പുതിയ സീറ്റുകളൊന്നും അനുവദിച്ചിട്ടില്ല. എന്നാൽ നിലവിലെ 1,855 സീറ്റുകൾ പുതുക്കി നൽകി. ഇതോടെ കേരളത്തിലെ 36 സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലായി ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 5,754 ആയി.

അ​തേസമയം, അനുവദിച്ച പരിധിക്കപ്പുറം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാൽ 2019ലെ എൻ.എം.സി ആക്ട് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് എൻ.എം.സി മുന്നറിയിപ്പ് നൽകി. കൗൺസിലിങ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി കോളജുകൾ തങ്ങളുടെ വിവരങ്ങൾ പരിശോധിക്കണമെന്നും സീറ്റ് മാട്രിക്സിൽ വ്യതിയാനങ്ങൾ കണ്ടാൽ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും എൻ.എം.സി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments