Wednesday, September 9, 2026
HomeAmericaഎച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്നത് നിർത്തലാക്കും

എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്നത് നിർത്തലാക്കും

എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്ന രീതി നിർത്തലാക്കാൻ നിർദേശം. എച്ച്1ബി വീസയുള്ളവരുടെ ആശ്രിതരായ എച്ച്4 വീസക്കാർക്ക് നിയമപരമായി ജോലി ചെയ്യാനുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (തൊഴില്‍ അനുമതി രേഖ) അനുവദിക്കുന്ന കാര്യത്തിലാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുനരാലോചന”…– കഴിഞ്ഞ ദിവസം വാർത്തകളിൽ ഒന്നാണിത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിദേശികൾക്കെതിരെ പുതിയൊരു നിയമം ആസൂത്രണം ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

ഐടി, എൻജിനീയറിങ് ധനകാര്യം, ശാസ്ത്രം തുടങ്ങിയ പ്രത്യേക വൈദഗ്ധ്യമുള്ള മേഖലകളിലെ വിദേശ പ്രഫഷനലുകളെ അമേരിക്കൻ തൊഴിലുടമകൾക്ക് നിയമിക്കാൻ അനുവദിക്കുന്ന, യുഎസ് സർക്കാർ നൽകുന്ന നോൺ–എമിഗ്രന്റ് വീസയാണ് എച്ച്–1ബി വീസ. ബിരുദവും അപേക്ഷിക്കുന്ന മേഖലയിൽ സാങ്കേതിക വൈദഗ്ധ്യവും ഉണ്ടായിരിക്കണം. തൊഴിലാളികൾക്ക് നേരിട്ട് എച്ച്1ബി വീസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. അമേരിക്കയിലെ ഒരു കമ്പനി സ്പോൺസർ ചെയ്താൽ മാത്രമേ ഈ വീസ ലഭിക്കൂ. സാധാരണയായി മൂന്നു വർഷത്തേക്കാണ് വീസ ലഭിക്കുന്നത്. ആറ് വർഷം വരെ നീട്ടിയെടുക്കാനുള്ള അവസരവുമുണ്ട്. പ്രതിവർഷം 65,000 ജനറൽ ക്വോട്ടയും, യുഎസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയവർക്ക് 20,000 അഡ്വാൻസ്ഡ് ഡിഗ്രി ക്വോട്ടയുമാണ് ഉള്ളത്. 85,000 പേരുടെ ഒഴിവിലേക്ക് മൂന്ന് ലക്ഷത്തിലേറെ പേർ അപേക്ഷിക്കുന്ന സാഹചര്യമുള്ളതിനാൽ കംപ്യൂട്ടർ ലോട്ടറി വഴിയാണ് വീസ തിരഞ്ഞെടുക്കുന്നത്.

ഇന്ത്യൻ പ്രഫഷനലുകളാണ് പ്രധാനമായും എച്ച്1ബി വീസയുടെ ഗുണഭേക്താക്കൾ. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളും ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ഭീമന്മാരും വലിയ തോതിൽ ഇന്ത്യക്കാരെ യുഎസിലെത്തിക്കാൻ ഈ വീസ പ്രയോജനപ്പെടുത്തുന്നുണ്ട്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്) കണക്കുകൾ പ്രകാരം പ്രതിവർഷം നൽകുന്ന എച്ച്– 1ബി വീസകളുടെ 70 ശതമാനവും ഇന്ത്യക്കാരാണ്. എച്ച്– 1ബി വീസയിൽ അമേരിക്കയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഏകദേശം ഒരു ദശലക്ഷത്തിലേറെ ഇന്ത്യൻ പൗരൻമാരാണ് ഗ്രീൻ കാർഡിനായി അപേക്ഷിച്ചിരിക്കുന്നതെന്ന് യുഎസ്‍സിഐഎസ് കണക്കുകൾ വ്യക്തമാക്കുന്നു.

എച്ച്1ബി വീസയുള്ള വ്യക്തിയുടെ പങ്കാളിക്കും 21 വയസ്സിന് താഴെയുള്ള മക്കൾക്കും അമേരിക്കയിൽ താമസിക്കാൻ നൽകുന്ന ഡിപെൻഡന്റ് വീസയാണ് എച്ച്4 വീസ. എച്ച്1 ബി വീസയുള്ള ആൾക്ക് എത്ര നാൾ അമേരിക്കയിൽ തുടരനാകുമോ, അത്രയും കാലം എച്ച്4 വീസ ഉള്ളവർക്കും അമേരിക്കയിൽ തുടരാം. എച്ച് 4 വീസയുള്ളവർക്ക് അമേരിക്കയിൽ നിയമപരമായി താമസിക്കാനും സ്‌കൂളിലും കോളജിലും പഠിക്കാനും സാധിക്കും. ആശ്രിതവീസക്കാർക്ക് യുഎസിൽ താമസിക്കാനും ഡ്രൈവിങ് ലൈസൻസ് എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനുമാകും. എന്നാൽ ജോലി ചെയ്യാൻ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (തൊഴി‍ൽ അനുമതി രേഖ) ആവശ്യമാണ്. എച്ച് 4 ഇഎഡി ലഭിച്ചാൽ അമേരിക്കയിലെ ഏത് കമ്പനിയിലും ജോലി ചെയ്യാം, അല്ലെങ്കിൽ സ്വന്തമായി ബിസിനസ് തുടങ്ങാം. എച്ച്1ബി വീസക്കാരുടെ കുട്ടികൾക്ക് 21 വയസ്സ് തികയുമ്പോൾ അവർ എച്ച്4 ഡിപെൻഡന്റ് പദവിക്ക് അയോഗ്യരാകും. രാജ്യത്ത് തുടരണമെങ്കിൽ മറ്റ് വീസകളിലേക്ക് മാറണം. ഈ വീസയോടും ഇന്ത്യക്കാർക്ക് പ്രിയമേറെയാണ്. 2014–2017 കാലത്ത് തൊഴില്‍ അനുമതി രേഖയ്ക്കായി അപേക്ഷിച്ച എച്ച്4 വീസക്കാരിൽ 93 ശതമാനം പേരും ഇന്ത്യക്കാരാണ്. ഇവരിൽ 94 ശതമാനം പേരും വനിതകളാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments