Saturday, September 5, 2026
HomeNewsനിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി: എട്ട് എൻജിനീയറിങ് ​വിദ്യാർഥികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി: എട്ട് എൻജിനീയറിങ് ​വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി എട്ട് എൻജിനീയറിങ് ​വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തു ​വെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്തായിരുന്നു അപകടം.

തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. വിശ്വ (20), സൂര്യ (20), സന്തോഷ് (20), പ്രസന്ന (20), യുവസഞ്ജിത്ത് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ ഐ.ഡി കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്.

ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചു കയറിയത്.

റോഡരികിലായി മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു. ഈ മേഖലയിൽ അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയിൽ മതിയായ സൂചനാ ബോർഡുകൾ ഉണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കാർ പൂർണമായും തകർന്നു.

പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments