ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും അധികാരം ലഭിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരസ്യ പിന്തുണയിൽനിന്ന് വിട്ടുനിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്കൻ, അന്താരാഷ്ട്ര രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പിന്തുണ ട്രംപിന്റേതാണെന്നും വാൻസ് പറഞ്ഞു. ഞാൻ അമേരിക്കൻ സ്ഥാനാർഥികളെയാണ് പിന്തുണയ്ക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിലാണ് എന്റെ ശ്രദ്ധ. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഞാൻ ഇടപെടുന്നില്ല എന്ന് മാധ്യമപ്രവർത്തകൻ മാർക്ക് ഹാൽപെറിനുമായുള്ള അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കി.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ആക്രമണത്തെത്തുടർന്ന് ഗാസയിൽ യുദ്ധം ആരംഭിക്കുകയും ഇസ്രയേൽ കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. ഒക്ടോബർ 27ന് നടക്കുന്ന തിരഞ്ഞെടുപ്പ് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും. അമേരിക്കയിൽ ഇസ്രയേലുമായുള്ള ബന്ധവും ജൂതവിരുദ്ധതയുമായി ബന്ധപ്പെട്ട ചർച്ചകളും ശക്തമാകുന്നതിനിടെയാണ് വാൻസിന്റെ പ്രതികരണം. അതേസമയം, ഈ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ഭിന്നത നിലനിൽക്കുന്നുണ്ട്.
ഇസ്രയേൽ സർക്കാരിനെതിരെ വാൻസ് ജൂലൈയിലും വിമർശനം ഉന്നയിച്ചിരുന്നു. ചർച്ചകളെ ദുർബലപ്പെടുത്തുന്ന തരത്തിൽ അമേരിക്കൻ പൊതുജനാഭിപ്രായം സ്വാധീനിക്കാൻ ഇസ്രയേൽ സർക്കാരിലെ ചിലർ ശ്രമിച്ചെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പിന് ഒരാഴ്ചയിലേറെ മാത്രം ശേഷിക്കെ നെതന്യാഹുവിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ട്രംപ്, അദ്ദേഹത്തെ ‘മികച്ച യുദ്ധകാല പ്രധാനമന്ത്രി’ എന്നും ഇറാനെതിരായ പോരാട്ടത്തിൽ മികച്ച പങ്കാളിയെന്നും വിശേഷിപ്പിച്ചിരുന്നു. ഇറാൻ സൈനികമായും സാമ്പത്തികമായും തകർക്കപ്പെട്ടെന്നും നിലപാട് മാറ്റിയില്ലെങ്കിൽ ശേഷിക്കുന്ന ദൗത്യവും ഉടൻ പൂർത്തിയാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രയേലിന് ബിബി നെതന്യാഹുവല്ലാത്ത മറ്റൊരു നേതാവാണ് വരുന്നതെങ്കിൽ ഇറാനെതിരായ ദൗത്യം അമേരിക്കയ്ക്ക് തന്നെ പൂർത്തിയാക്കേണ്ടിവരും. അതിന് എനിക്ക് താൽപര്യമില്ല എന്ന് ട്രംപ് കുറിച്ചിരുന്നു. നെതന്യാഹുവിന്റെ പുനർതിരഞ്ഞെടുപ്പിന് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹുവും രംഗത്തെത്തിയിരുന്നു. “വലിയ പിന്തുണയ്ക്കും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്കും നന്ദി, പ്രസിഡന്റ് ട്രംപ്. നമുക്ക് ഒരുമിച്ച് ദൗത്യം പൂർത്തിയാക്കാം,” എന്ന് നെതന്യാഹു എക്സിൽ കുറിച്ചു.

