Saturday, August 22, 2026
HomeNewsആദ്യ ഡിവൈഎഫ്ഐ സംസ്ഥാന വനിതാ പ്രസിഡൻ്റായി ചിന്ത ജെറോം, എം വിജിൻ...

ആദ്യ ഡിവൈഎഫ്ഐ സംസ്ഥാന വനിതാ പ്രസിഡൻ്റായി ചിന്ത ജെറോം, എം വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. ആദ്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.

സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ. ഗ്രീഷ്മ അജയഘോഷ് ആണ് ജോയിൻ്റ് സെക്രട്ടറി.

അധ്യാപക ദമ്പതികളായ സി ജെറോമിന്റെയും എസ്തർ ജെറോമിൻ്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്. വിദ്യാർത്ഥികാലം മുതൽ എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡൻ്റ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2007-2008 വർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗമായും സിൻഡിക്കേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.

2016 മുതൽ 2023 വരെ രണ്ട് ടേമുകളായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു.ഈ കാലഘട്ടത്തിൽ യൂത്ത് ബ്രിഗേഡ് പോലുള്ള ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി . പകർച്ച വ്യാധികൾ , പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ യുവതീ-യുവാക്കളെ സന്നദ്ധ സേവനത്തിന് പരിശീലനം നൽകി തയ്യാറാക്കി ലഭ്യമാക്കുന്ന മാതൃകാ പദ്ധതിയായിട്ടാണ് അത് വിഭാവനം ചെയ്തത്.

23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് വച്ച് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തzരഞ്ഞെടുക്കപ്പെട്ടു. 2016 ൽ സിപിഐഎം പ്രതിനിധി സംഘത്തോടൊപ്പം ചൈനയും 2025 ൽ ക്യൂബയും സന്ദർശിച്ചു. 2019ൽ ജർമ്മനിയിലെ ബോണിൽ കേരളത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ എന്ന നിലയിൽ പങ്കെടുത്തു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സിതാര ബുക്സ് പ്രസിദ്ധീകരിച്ച ‘ചുംബനം – സമരം ഇടതുപക്ഷം, ‘ചിന്താ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ചങ്കിലെ ചൈന, ‘ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘അതിശയപത്ത് ‘എന്നിവ പുസ്തകങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments