Wednesday, August 19, 2026
HomeNewsപരീക്ഷാ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതവും കുറ്റമറ്റതുമാക്കുക: നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ വൻ അഴിച്ചുപണി

പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതവും കുറ്റമറ്റതുമാക്കുക: നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ വൻ അഴിച്ചുപണി

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി. പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതവും കുറ്റമറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ കർശന നിർദേശത്തെത്തുടർന്ന് എൻ.ടി.എയിലെ 600 വിദഗ്ധരെയാണ് ഔദ്യോഗികമായി ഒഴിവാക്കിയിരിക്കുന്നത്. ഇവർക്ക് പകരം പുതിയ വിദഗ്ധരെ ഉൾപ്പെടുത്തി ഏജൻസിയെ പൂർണ്ണമായും ഉടച്ചുവർക്കാനാണ് തീരുമാനം. പരീക്ഷകൾ സുഗമമായും സുരക്ഷിതമായും നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് ശക്തമായ നിർദേശം നൽകിയിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും തെറ്റുകളും പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പറുകൾ പരിശോധിക്കുന്നതിനായി പുതിയ നാല് ടയർ സംവിധാനം കൊണ്ടുവരുമെന്ന് എൻ.ടി.എ ഡയറക്ടർ ജനറൽ യോഗത്തിൽ വ്യക്തമാക്കി. ഇതിന്റെ ആദ്യഘട്ടമെന്നോണം, അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ 20 മുതൽ 25 പുതിയ ഉദ്യോഗസ്ഥരെ ഏജൻസിയിലേക്ക് നിയമിക്കും. സുരക്ഷയുടെ ഭാഗമായി എൻ.ടി.എയുടെ ആസ്ഥാന ഓഫീസുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മുൻഗണനാ അടിസ്ഥാനത്തിൽ മാറ്റുമെന്നും, ഇവിടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (CISF) സുരക്ഷ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു

ഏജൻസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമായി ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, ജനറൽ മാനേജർ (ടെസ്റ്റ് സെക്യൂരിറ്റി), ജനറൽ മാനേജർ (റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആൻഡ് സൈക്കോമെട്രിക്സ്) തുടങ്ങിയ 10 പുതിയ പ്രൊഫഷണൽ ലീഡർഷിപ്പ് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

ഇതിലേക്കുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, സൈബർ സുരക്ഷ, സൈക്കോമെട്രിക്സ്, ചോദ്യപേപ്പർ ഡിസൈനിങ് തുടങ്ങിയ പ്രത്യേക മേഖലകളിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള വിദഗ്ധരെയും ഏജൻസിയുടെ ഭാഗമാക്കുന്നുണ്ട്. ഇതിനോടകം തന്നെ 50ലധികം ജീവനക്കാരെ ഏജൻസിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

പരീക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് എൻ.ടി.എയോട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിഭാഗത്തിന്റെ (CONOPS) പ്രവർത്തനങ്ങളിൽ സമ്പൂർണ്ണമായ മാറ്റങ്ങൾ വരുത്താനും നിർദേശമുണ്ട്.ഇതിനായി പ്രത്യേക മുറികൾ, കമ്പ്യൂട്ടർ സംവിധാനങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക പ്രോട്ടോക്കോളുകൾ എന്നിവ അടിയന്തരമായി നടപ്പിലാക്കും.

കൂടാതെ, മുഴുവൻ പരീക്ഷാ പ്രക്രിയകളുടെയും സമഗ്രമായ ഓഡിറ്റ് നടത്തി, സ്വീകരിച്ച തിരുത്തൽ നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും എൻ.ടി.എക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷകളിലെ സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഈ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments