Tuesday, October 6, 2026
HomeNewsഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ ഒരുങ്ങിയിരുന്നതായി റിപ്പോർട്ട്‌

ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ ഒരുങ്ങിയിരുന്നതായി റിപ്പോർട്ട്‌

ടെൽ അവീവ് : കോ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾക്കിടെ ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ ഒരുങ്ങിയിരുന്നതായി പുതിയ റിപ്പോർട്ട്. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ പൈലറ്റിനെ കോക്പിറ്റിൽ ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമസേന ഇടപെടാൻ തയ്യാറെടുത്തതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ ഉയരം 14,000 അടി താഴ്ന്നതിന് പിന്നാലെ ഇസ്രയേൽ വ്യോമസേന കോക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചു. മറുപടി ലഭിക്കാതായതോടെ അടിയന്തര സമിതി ചേർന്നു. കമാൻഡ് സെന്റർ പ്രവർത്തനം ആരംഭിക്കുകയും ഇസ്രയേൽ വ്യോമപരിധി അടയ്ക്കുകയും ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്തുകയും ചെയ്തു.

എന്നാൽ വിമാനം സൗദി അറേബ്യയിലേക്ക് തിരിഞ്ഞതോടെ ഇസ്രയേൽ ഫൈറ്റർ ജെറ്റ് വിമാനങ്ങളെ തിരിച്ചുവിളിച്ചു. സൗദി അറേബ്യയും വിമാനത്തെ നേരിടാൻ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിമാനം ടെൽ അവീവിലേക്കുള്ള യാത്ര തുടർന്നിരുന്നെങ്കിൽ ഇസ്രയേൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ അടുത്തെത്തി ദൃശ്യപരിശോധന നടത്താൻ ശ്രമിക്കുമായിരുന്നു.

വിമാനം നിശ്ചിത പരിധിക്കുള്ളിൽ എത്തിയിരുന്നെങ്കിൽ സാഹചര്യം പരിശോധിക്കാൻ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ ജോർദാൻ വ്യോമപരിധിയിലേക്ക് പ്രവേശിക്കാനും തയ്യാറായിരുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുകയായിരുന്നു ദൃശ്യപരിശോധനയുടെ ലക്ഷ്യം. ഹൈജാക്ക് സ്ഥിരീകരിക്കുകയും ആക്രമികൾ പ്രതികരിക്കാതിരിക്കുകയും ചെയ്താൽ വിഷയം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പ്രതിരോധ മന്ത്രിയുടെയും പരിഗണനയ്ക്ക് വിടുന്നതായിരുന്നു നടപടിക്രമം.

ഇസ്രയേലിലേക്ക് നിയന്ത്രണംവിട്ട നിലയിൽ വിമാനം അടുക്കുന്ന സാഹചര്യമുണ്ടായാൽ അത് ആകാശത്തുവച്ച് വെടിവച്ചിടുന്നതാണ് നിലവിലെ പ്രോട്ടോക്കോളെന്നാണ് റിപ്പോർട്ട്. എന്നാൽ അത്തരമൊരു ഉത്തരവ് നൽകാനുള്ള അധികാരം പ്രധാനമന്ത്രിക്കായിരിക്കും. വിമാനം ഇസ്രയേലിലെ പ്രധാന കെട്ടിടങ്ങളിലോ ജനവാസ മേഖലയിലോ ഇടിച്ചിറങ്ങി നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നതിനേക്കാൾ വിമാനം വെടിവച്ചിടുന്നതാണ് സുരക്ഷിതമെന്നായിരുന്നു ഇസ്രയേൽ വൃത്തങ്ങളുടെ വിലയിരുത്തൽ.

സെപ്റ്റംബർ 30നാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് 1073 വിമാനത്തിൽ സംഭവം ഉണ്ടായത്.കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിക്കുകയായിരുന്നു. 30 സെക്കൻഡിനിടെ വിമാനം 16,000 അടി താഴേക്ക് പതിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ വലിയ വിമാനാപകടം ഒഴിവാക്കാനായി. ഗുരുതരമായി പരുക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും വിവരം അറിയിച്ചു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ആക്രമിയെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലില്ലാത്ത രണ്ട് പൈലറ്റുമാർ പിന്നീട് നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ടതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽനിന്ന് അടിയന്തര സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇസ്രയേൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ ആകാശത്തേക്ക് അയച്ചിരുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവെൻ അസർ നേരത്തെ പറഞ്ഞിരുന്നു. അടിയന്തര സന്ദേശം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ അധികൃതർ അതീവ ജാഗ്രത പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ചെറിയ രാജ്യമായതിനാൽ അതിവേഗം എത്തുന്ന ഒരു ജെറ്റിന് ഏതാനും സെക്കൻഡുകൾക്കുള്ളിൽ കെട്ടിടത്തിലോ സാധാരണക്കാർക്കിടയിലോ തന്ത്രപ്രധാന കേന്ദ്രത്തിലോ ഇടിച്ചുകയറാൻ കഴിയുമെന്ന് അസർ ചൂണ്ടിക്കാട്ടി. അതിനാൽ സിവിൽ ഏവിയേഷൻ അധികൃതർക്കൊപ്പം വ്യോമസേനയെയും രാഷ്ട്രീയ നേതൃത്വത്തെയും ഉടൻ ജാഗ്രതയിൽ നിർത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments