Tuesday, October 6, 2026
HomeNewsഇടപെടലുകൾ നടത്തുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെടുന്നു: ഐക്യരാഷ്ട്രസഭക്ക് അടിയന്തര മാറ്റങ്ങൾ വേണമെന്ന് എസ്. ജയശങ്കർ

ഇടപെടലുകൾ നടത്തുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെടുന്നു: ഐക്യരാഷ്ട്രസഭക്ക് അടിയന്തര മാറ്റങ്ങൾ വേണമെന്ന് എസ്. ജയശങ്കർ

ന്യൂഡൽഹി: വലിയ അന്താരാഷ്ട്ര പ്രതിസന്ധികളിലും സംഘർഷങ്ങളിലും അർത്ഥവത്തായ ഇടപെടലുകൾ നടത്തുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും, പ്രധാന തീരുമാനങ്ങളിൽ സംഘടന ഇപ്പോൾ ‘അപ്രസക്തമായി’ മാറിയിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ സുരക്ഷാ കൗൺസിൽ സ്തംഭനാവസ്ഥയിലാണെന്നും അത് ഇന്നത്തെ ലോകത്തിന്റെ മുഴുവൻ താൽപര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളിൽ യു.എൻ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങിയിരിക്കുകയാണെന്ന് ജയശങ്കർ ചൂണ്ടിക്കാണിച്ചു. 51 അംഗങ്ങളുമായി ആരംഭിച്ച യു.എന്നിൽ ഇന്ന് അതിൻറെ നാലിരട്ടി അംഗങ്ങളുണ്ട്. എന്നാൽ പഴയ രീതികൾ തന്നെ തുടർന്നാൽ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്നും, അതുകൊണ്ടുതന്നെ യു.എന്നിൽ അടിയന്തരമായി ഘടനാപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആഫ്രിക്കയുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് ചില രാജ്യങ്ങൾ യു.എൻ പരിഷ്കാരങ്ങളെ എതിർക്കുന്നത്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങൾ തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

യു.എൻ സംവിധാനങ്ങളെ ഒഴിവാക്കുന്നതിന് പകരം അവയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു. ‘ലോകത്തിന് യു.എൻ ആവശ്യമാണ്, അതിനാൽ സംഘടനയെ തഴയുകയല്ല മറിച്ച് ശരിയായ രീതിയിൽ നന്നാക്കുകയാണ് വേണ്ടത്’- ജയശങ്കർ വ്യക്തമാക്കി. അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര രംഗങ്ങളിലും വലിയ രീതിയിലുള്ള തകർച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും, വിപണി തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ സംവിധാനങ്ങൾ ഇന്ന് വിപണിയിതര രീതികൾ കാരണം തടസ്സപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിൽ സുരക്ഷാ കൗൺസിലിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ജി4 രാജ്യങ്ങൾ, എൽ.69 ഗ്രൂപ്പ് തുടങ്ങിയവയുമായി ചേർന്ന് ഇന്ത്യ ശക്തമായ നയതന്ത്ര നീക്കങ്ങൾ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments