ലണ്ടൻ: ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വ്യാപാരത്തിന് യു.കെ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പ്രതികാര നടപടികളുമായി രാജ്യങ്ങൾ. ബ്രിട്ടന്റെ വിലക്കിന് പിന്നാലെ ജറൂസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി ലണ്ടൻ എംബസിയിലെ 27 ഇസ്രായേൽ നയതന്ത്രജ്ഞരെ ബ്രിട്ടൻ പുറത്താക്കുമെന്ന് മുന്നറിയിപ്പുമായി യു.കെ രംഗത്ത് വന്നു.
ഇസ്രായേൽ മാധ്യമമായ വൈനെറ്റ് ആണ് വാർത്ത പുറത്തുവിട്ടത്. ഇസ്രായേലിലെ യു.കെ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ, പകരം ഇസ്രായേലിന്റെ നയതന്ത്രജ്ഞരെ ലണ്ടനിൽ നിന്ന് പുറത്താക്കുമെന്നാണ് യു.കെ അംബാസഡർ സൈമൺ വാൾട്ടേഴ്സ് അറിയിച്ചത്.അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വ്യാപാരം നിരോധിക്കാനും പുതിയ സെറ്റിൽമെന്റുകളുടെ നിർമാണത്തിന് സഹായിക്കുന്ന കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനുമുള്ള യു.കെയുടെ തീരുമാനത്തിന് മറുപടിയായാണ് കോൺസുലേറ്റ് അടച്ചുപൂട്ടുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയത്. ഇതിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോര് രൂക്ഷമായത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ആലോചിച്ചാണ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സായർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം ഒക്ടോബർ 8-ന് നിലവിൽ വരുമെന്നാണ് അറിയിച്ചിരുന്നത്.
ഇതിനിടെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിനായി യു.കെയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൊനാഥൻ പവൽ കഴിഞ്ഞ ആഴ്ച രഹസ്യമായി ഇസ്രായേൽ സന്ദർശിച്ചിരുന്നുവെങ്കിലും ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. എങ്കിലും, ഒക്ടോബർ 8ലെ അവസാന തീയതിക്ക് മുമ്പ് കോൺസുലേറ്റ് തുറന്നു പ്രവർത്തിക്കാൻ ധാരണയാകാനുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് സൂചനകളുണ്ട്. എന്നാൽ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ കോൺസുലേറ്റ് അടച്ചുപൂട്ടുമെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ആവർത്തിച്ചത്.
ബ്രിട്ടന്റെ നടപടികൾക്ക് മറുപടിയായി ഇസ്രായേലും കടുത്ത നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കിര്യത് ഗാദിലെ യു.എസ് പിന്തുണയുള്ള ഇന്റർനാഷണൽ ഗസ്സ സപ്പോർട്ട് സെന്ററിൽ നിന്നുള്ള യു.കെ പ്രതിനിധികളെ പുറത്താക്കുമെന്നും, ഫലസ്തീൻ അതോറിറ്റി സുരക്ഷാ സേനക്ക് പരിശീലനം നൽകുന്ന റാമല്ലയിലെ ബ്രിട്ടീഷ് സപ്പോർട്ട് ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സായർ പറഞ്ഞു. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട 12 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനും ഇസ്രായേൽ പദ്ധതിയിടുന്നുണ്ട്.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഇസ്രായേലും പാശ്ചാത്യ സഖ്യകക്ഷികളും തമ്മിൽ നിലനിൽക്കുന്ന കടുത്ത ഭിന്നതയാണ് ഈ നയതന്ത്ര സംഘർഷങ്ങൾക്ക് കാരണം. കിഴക്കൻ ജറൂസലേമിലെ ശൈഖ് ജറാത്തിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് കോൺസുലേറ്റ്, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലെ ഫലസ്തീനികളുമായി ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന പ്രധാന കേന്ദ്രമാണ്.

