മോസ്കോ : മധ്യ മോസ്കോയിലെ ആഡംബര ഇറ്റാലിയൻ റെസ്റ്റോറൻ്റിന് പുറത്തുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കളുമായി എത്തിയ അപരിചിതയായ സ്ത്രീ, റെസ്റ്റോറൻ്റിലെ സെക്യൂരിറ്റി ഗാർഡ്, ഇവിടെയെത്തിയ ഒരു ഉപഭോക്താവ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ 21 പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും റഷ്യൻ അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം എട്ട് മണിയോടെ കുട്രിൻസ്കായ സ്ക്വയറിലാണ് സംഭവം. സ്റ്റാലിൻ ഭരണകാലത്ത് നിർമിച്ച ചരിത്രപ്രസിദ്ധമായ ആകാശചുംബി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ‘ബാൽസി റോസ്സി’ റെസ്റ്റോറൻ്റിലേക്കാണ് സ്ഫോടകവസ്തുക്കളുമായി സ്ത്രീ എത്തിയത്. റെസ്റ്റോറൻ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ പ്രവേശന കവാടത്തിൽ വെച്ച് സെക്യൂരിറ്റി ഗാർഡ് തടഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് വൻ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.സ്ഫോടനത്തെത്തുടർന്ന് വൻ സായുധ പൊലീസ് സന്നാഹവും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായി വളഞ്ഞു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
റെസ്റ്റോറൻ്റിൻ്റെ പുറത്തുള്ള ഓപ്പൺ ടെറസിലിരുന്ന അതിഥികളെ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യൻ പത്രമായ ‘കൊമ്മേഴ്സൻ്റ്’ റിപ്പോർട്ട് ചെയ്തു. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാകാം ബോംബ് പൊട്ടിച്ചതെന്നും, സ്ഫോടകവസ്തുക്കളാണ് താൻ ചുമക്കുന്നതെന്ന വിവരം സ്ത്രീ അറിഞ്ഞിട്ടുണ്ടാകില്ലെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. ഒരു സ്വകാര്യ ചടങ്ങ് നടന്നിരുന്നതിനാൽ സംഭവദിവസം റെസ്റ്റോറൻ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നില്ല.
റഷ്യ-യുക്രെയ്ൻ യുദ്ധം നാല് വർഷം പിന്നിടുന്നതിനിടയിലാണ് മോസ്കോയെ നടുക്കിയ ഈ സ്ഫോടനം. ഈ വർഷം ആദ്യം മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ വധശ്രമങ്ങൾക്ക് പിന്നിൽ യുക്രെയ്ൻ ആണെന്ന് മോസ്കോ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കാൻ റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി തീരുമാനിച്ചിരുന്നു. എന്നാൽ മുൻ സംഭവങ്ങളും ശനിയാഴ്ചത്തെ സ്ഫോടനവും തമ്മിൽ നിലവിൽ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

