ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ മരണം പ്രതിരോധത്തിൻ്റെ അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളെ തടയില്ലെന്നും ഹമാസ് തുടർന്നും നിലനിൽക്കുമെന്നും ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.“അദ്ദേഹത്തിൻ്റെ ( യഹ്യ സിൻവാർ) നഷ്ടം പ്രതിരോധത്തിന്റെ അച്ചുതണ്ടിന് (Axis of Resistance) നിസ്സംശയമായും വേദനാജനകമാണ്, പക്ഷേ പ്രമുഖ വ്യക്തികളുടെ രക്തസാക്ഷിത്വത്തോടെ ഈ മുന്നണിയുടെ മുന്നേറ്റം അവസാനിക്കില്ല,” ഖമേനി പ്രസ്താവനയിൽ പറഞ്ഞു. ഹമാസ് സജീവമാണെന്നും ഇനിയും സജീവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
X-ലെ പോസ്റ്റുകളുടെ ഒരു പരമ്പരയിൽ, ഖമേനി ഹമാസ് നേതാവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തെ “വീരനായ പോരാളി” എന്നു വിളിക്കുകയും ചെയ്തു. കൊള്ളയടിക്കുന്ന, ക്രൂരനായ ശത്രുവിനെതിരായ പോരാട്ടത്തിൽ തൻ്റെ ജീവിതം സമർപ്പിച്ച യഹ്യ സിൻവാറിനെപ്പോലുള്ള ഒരാൾക്ക്, രക്തസാക്ഷിത്വത്തിൽ കുറഞ്ഞതൊന്നും അനർഹമായ വിധിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഈ മാസം ആദ്യം, അര പതിറ്റാണ്ടിനുള്ളിലെ തൻ്റെ ആദ്യ വെള്ളിയാഴ്ച പ്രഭാഷണത്തിൽ, 85 കാരനായ ഇറാനിയൻ പരമോന്നത നേതാവ് ഇസ്രായേൽ അധികം നിലനിൽക്കില്ല എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല വധിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്.
ഒക്‌ടോബർ 7 ഇസ്രായേൽ ആക്രമണത്തിൻ്റെ സൂത്രധാരനായ ഹമാസ് നേതാവ് യഹ്‌യ സിൻവാർ വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ഒക്‌ടോബർ 17 വ്യാഴാഴ്ച സിൻവാറിൻ്റെ മരണം പ്രഖ്യാപിച്ചു. ഇസ്രായേലിൻ്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.