ടെൽ അവീവ്: ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ മരണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപത്ത് ലെബനനില്‍ നിന്ന് ഡ്രോൺ ആക്രമണം. സംഭവസയത്ത് നെതന്യാഹുവും ഭാര്യയും വസതിയിലുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ലെബനന്റെ മറ്റ് രണ്ട് ഡ്രോണുകളെ ഇസ്രയേൽ സൈന്യം കീഴടക്കിയിരുന്നു. തെക്കൻ ഹൈഫയിലെ സിസേറിയയിലെ കെട്ടിടത്തിൽ കുടുങ്ങിയ മൂന്നാമത്തെ ഡ്രോൺ ആണ് പൊട്ടിത്തെറിച്ചത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ടെന്നും ആർക്കും ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ലെബനനിൽ നിന്നും എഴുപത്കിലോമറ്റർ സഞ്ചരിച്ച ശേഷമാണ് ഡ്രോൺ കെട്ടിടത്തിൽ തങ്ങിനിന്നത്.
ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അവസാന ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഡ്രോൺ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു. യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നെതന്യാഹു രംഗത്തെത്തിയിരുന്നു. ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാൻ സമ്മതിച്ചാൽ യുദ്ധം ഉടൻ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യഹ്‌യ സിൻവാർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാൽ റാഫയിൽ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തിൻ്റെ അവസാനമല്ല ഇത്, അവസാനത്തിൻ്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങളേ, എനിക്ക് ഒരു സന്ദേശമുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം. ഹമാസ് ആയുധം താഴെ വെച്ച് ബന്ദികളെ തിരിച്ചയച്ചാൽ ഈ യുദ്ധം നാളെ അവസാനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് ഹമാസ് സിൻവാറിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. സിൻവാറിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിൻവാറിന്റെ മൃതദേഹത്തിൽ വിരലുകൾ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിൻവർ തന്നെ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വിരലുകൾ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോർട്ടിലുള്ളത്.
ഇസ്രയേലിലെ ജയിലിൽ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾക്കൊപ്പം ഈ വിരലുകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിൻവർ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. സിൻവാർ ഷെൽ ആക്രമണത്തിൽ അല്ല മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. തലയിൽ ബുള്ളറ്റ് തറച്ചുകയറിയാണ് മരണം. സിൻവാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ ടാങ്ക് ആക്രമണം നടത്തുകയും പിന്നീട് സൈനീകർ സിൻവാറിനെ വധിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പങ്കുവെച്ച ചിത്രങ്ങളിൽ തലയോട്ടി പൂർണമായും തകർന്ന നിലയിലാണ് സിൻവറിന്റെ മൃതദേഹം കാണപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. ‘യഹ്‌യ സിൻവാർ, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’, എന്നാണ് അൽ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഹമാസ് വക്താവ് ഖാലീൽ ഹയ്യ അറിയിച്ചത്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴായിരുന്നു യഹ്‌യ സിൻവർ ഹമാസ് തലവനായത്. ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ യഹ്‌യ ആയിരുന്നു.