Saturday, August 1, 2026
HomeNewsസംസ്ഥാനത്ത് പരക്കെ അതിതീവ്രമഴ; പലയിടങ്ങളിലും ഉരുൾപൊട്ടൽ

സംസ്ഥാനത്ത് പരക്കെ അതിതീവ്രമഴ; പലയിടങ്ങളിലും ഉരുൾപൊട്ടൽ

തൊടുപുഴ : സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു, ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മൂന്നുപേർ മരിച്ചു.ഇടുക്കി കുടയത്തൂർ അടൂർ മലയിൽ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേർ രവി നാരായണന്‍റെ ഭാര്യ സുമതിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രവിയുടെ വീടിന് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽപെട്ട ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വീട് പൂർണമായി തകർന്നു. അടൂർമലയിൽ നിരവധി വീടുകളിൽ വെള്ളം കയറി.

ഫയർഫോഴ്സ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.

വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായരുടെ (72) മൃതദേഹമാണ് കണ്ടെത്തിയത്. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ജോണിയുടെ മകൻ ജോസഫും മരിച്ചു. മണ്ണിനടയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മാതാവ് റെജീനയെ കാണാതായി. ഇവർ രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നത്. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി.

റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലാണ്. വണ്ടിപ്പെരിയാർ ഉൾപ്പെടെ പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. മഴ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അവധി. ഈ ജില്ലകളിൽ റെഡ് അലർട്ടാണ്.ഇടുക്കി കൺട്രോൾ റും നമ്പർ തുറന്നു -04862233111, 9383463036. തിരുവനന്തപുരം പൊന്‍മുടിയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments