Tuesday, July 21, 2026
HomeNewsപ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് പോലീസ്, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് പോലീസ്, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

ഡൽഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങൾ. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് തൂക്കിയെടുത്ത് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ട സാഹചര്യത്തിലാണ് പോലീസ് നടപടി ഉണ്ടായത്. പ്രിയങ്ക ഗാന്ധിയെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നടത്തുന്ന സി ജെ പി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെ വലിച്ചിഴയ്ച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അറസ്റ്റ് ചെയ്തു. ഇതോടെ കോൺഗ്രസ് പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയാണ്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി.

അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടർന്ന്, മന്ത്രി തിരികെ പോയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.സിജെപി പ്രതിഷേധത്തിനുനേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ സമരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

കഴിഞ്ഞദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments