വായ്നാറ്റവും ദന്തസംരക്ഷണവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ദന്തസംരക്ഷണത്തിലെ പോരായ്മ തന്നെയാണ്. ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാതിരിക്കുക, പല്ലിലെ പോടുകള്‍, മോണരോഗം, പല്ല് പൊടിയുന്നത് തുടങ്ങിയ കാരണങ്ങള്‍കൊണ്ട് വായ്‌നാറ്റം ഉണ്ടായേക്കാം.
രണ്ട് നേരവും കൃത്യമായി ബ്രഷ് ചെയ്യാന്‍ സമയം കണ്ടെത്തണം, പോടുകള്‍ അപ്പപ്പോള്‍ തന്നെ അടയ്ക്കുകയും വേണം. കൃത്രിമ പല്ലുകള്‍ ധരിച്ചിട്ടുള്ളവര്‍ കൃത്യമായി അതും ശുചീകരിക്കണം. ആന്തരിക അവയവങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്ന് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തുകയും വേണം.
പല്ലിന്റെ മോണയില്‍ നിന്നും ഇടയ്ക്കിടെ രക്തം വരുന്നതായി കാണുന്നു. ഇത് എന്തുകൊണ്ടാണ്?
മോണരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് രക്തം പൊടിഞ്ഞു വരുന്നത്. പലരും ഇതിനെ ഗൗരവത്തോടെ കാണാറില്ല എന്നതാണ് സത്യം. ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നതാണ്. ഉള്ളില്‍ കഴിക്കുവാനും മോണയില്‍ പുരട്ടുവാനുമുള്ള മരുന്നുകള്‍ ലഭ്യമാണ്. ദന്തരോഗ വിദഗ്ദ്ധന്റെ സഹായത്തോടെയുള്ള ദന്ത ശുചീകരണവും പടി പടിയായുള്ള മോണരോഗ ചികിത്സയും പ്രതിവിധിയാണ്.
പല്ലില്‍ ഇടയ്ക്കിടെ അഴുക്ക് അടിഞ്ഞു കൂടുന്നതായി തോന്നുന്നു. ഇത് എന്തുകൊണ്ടാണ്?
പല്ലില്‍ അഴുക്കടിയുന്നത് സ്വാഭാവികമാണ്. പല്ല് ബ്രഷ് ചെയ്യുന്നതിലെ പോരായ്മകൊണ്ടാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. ബ്രഷ് ചെയ്യുമ്പോള്‍ പെട്ടെന്ന് ചെയ്ത് അവസാനിപ്പിക്കാന്‍ ശ്രമിക്കരുത്. പല്ലുകള്‍ക്കിടയിലുള്ള വിടവുകളും കേടും ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പല്ലുകള്‍ നിരതെറ്റി ഇരിക്കുന്നവര്‍ക്കും അഴുക്ക് അടിഞ്ഞു കൂടുവാനുള്ള സാധ്യതയുണ്ട്. ശരിയായ രീതിയില്‍ ബ്രഷ് ചെയ്താല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താം. ദന്തരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ബ്രഷിംഗ് രീതികള്‍ ഇത് കുറയ്ക്കാന്‍ സഹായിക്കും. ഇന്റര്‍ ഡെന്റല്‍ ബ്രഷ്, ഫ്‌ലോസ് തുടങ്ങിയവ ഉപയോഗിക്കേണ്ട രീതിയും മനസിലാക്കേണ്ടതാണ്. ആറു മാസം കൂടുമ്പോള്‍ ദന്ത പരിശോധനയും ആവശ്യമെങ്കില്‍ സ്‌കെയിലിംഗും ചെയ്യണം.
പല്ലിലെ വിടവ് മാറ്റുന്നതിനുള്ള ചികിത്സാരീതികള്‍ എന്തൊക്കെയാണ്?
പലരുടെയും വലിയൊരു പ്രശ്‌നമാണിത്. ചിരിക്കാന്‍പോലും പലരും ഇതു കാരണം മടിക്കുന്നുവെന്നതാണ് സത്യം. പല്ലിലെ വിടവ് പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആധുനിക ചികിത്സാരീതികള്‍ ഇന്നുണ്ട്. പ്രായം അനുസരിച്ചാണ് ചികിത്സാരീതികള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ ചിരിയുടെ സൗന്ദര്യം വീണ്ടെടുക്കുന്ന സ്മൈല്‍ ഡിസൈനിങ്ങ് ഏതു പ്രായക്കാര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. കമ്പിയിടുക, പല്ലില്‍ ക്യാപിടുക, വെനീര്‍ തുടങ്ങിയ ചികിത്സാരീതികളാണ് ഇതില്‍ പ്രധാനം.
കൊച്ചുകുഞ്ഞുങ്ങളെ എത്രാമത്തെ വയസു മുതല്‍ ബ്രഷുപയോഗിച്ച് പല്ലു തേപ്പിച്ചു തുടങ്ങണം?
വായില്‍ പല്ലു മുളച്ചു തുടങ്ങുന്ന കാലം മുതല്‍ ബ്രഷുപയോഗിച്ച് പല്ല് വൃത്തിയായി തേച്ചു തുടങ്ങണം. ബ്രഷുമായി കുട്ടികള്‍ക്ക് താല്‍പര്യം ഉണ്ടാക്കി എടുക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാലു കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പാലു കുടിച്ചതിനു ശേഷം അണുവിമുക്തമായ തുണികൊണ്ട് മോണകള്‍ തുടച്ചു വൃത്തിയാക്കുകയും വേണം.