ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തി. അന്താരാഷ്ട്ര ജലപാതയിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമിച്ചതിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാനെ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് തിരിച്ചടികൾ ആരംഭിച്ചതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു.
‘ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ഇറാൻ പ്രകടിപ്പിച്ച ആക്രമണസ്വഭാവം അനാവശ്യവും അപകടകരവുമായിരുന്നു, ഇത് വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനവുമാണ്’ യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

