Thursday, June 18, 2026
HomeNewsപിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷം

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷം

കോഴിക്കോട് : കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്. പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചാണ് ലീ​ഗിൻ്റെ പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറം കുന്നുമ്മൽ പോസ്റ്റ് ഓഫീസിലെത്തി കത്തയച്ചത്. സർക്കാർ നിലപാടിനെതിരെ കെഎസ്‍യുവും രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചെന്നും ഈ സർക്കാരിന് അത് തുടരാതിരിക്കാൻ ആവില്ലെന്നുമാണ് യുഡിഎഫ് സർക്കാരിൻ്റെ നിലപാട്.

അതേസമയം പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിന്റെ നിലപാടെന്നും യുഡിഎഫ് പൊതുവിലും കോൺ​ഗ്രസും ലീഗും പ്രത്യേകിച്ചും വലിയ വിവാദം ആക്കിയ പദ്ധതിയാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപി സിപിഎം ഡീൽ എന്നായിരുന്നു ആക്ഷേപം. അധികാരത്തിൽ വന്നാൽ പിഎംശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലിൽ ഒഴുക്കുമെന്നും പ്രഖ്യാപിച്ചു. സ്ഥിതി എല്ലാവരും ഇപ്പോൾ കാണുന്നുണ്ട്. പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് എതിർപ്പുമാറ്റിവച്ച് കേന്ദ്ര നയത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചതെങ്ങനെയെന്നും ചോദിച്ചു. തെറ്റായ വാദം അവതരിപ്പിക്കാനാണ് യുഡിഎഫ് പറയുന്നത്. ധാരണ പത്രം ഒപ്പിട്ടാൽ പിന്നോട്ട് പോകാനാകില്ലെന്നാണ് പറയുന്നത്. എന്താണ് വാസ്തവം? കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഒരു വിയോജിപ്പും പ്രകടിപ്പിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. കോൺഗ്രസ് നിലപാടാണ് പ്രസക്തമെന്നും പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്എസ്കെ ഫണ്ട് തടഞ്ഞുവെയ്ക്കുകയും വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ പണം ചെലവിടുന്നതിന് തടസമായി. ധാരണാ പത്രം അനുസരിച്ചുള്ള ഒരു നടപടിയും മുന്നോട്ട് പോയില്ല. ഒരു മാസത്തിനകം കരാർ മരവിപ്പിച്ചു. തുടർ നടപടി സ്വീകരിക്കാം എന്നായിരുന്നു തീരുമാനം. നവംബർ 12 ന് കേന്ദ്രത്തിന് കത്ത് അയച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഒരു തവണ ഒപ്പിട്ടാൽ പിൻമാറാനാകുമോ എന്നാണ് ചോദ്യം. ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാകില്ല. സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കിയില്ല , ലിസ്റ്റ് കൊടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments