ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണില്‍ വാന്‍കൂവറില്‍ ഖാലിസ്ഥാന്‍ ഭീകരനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷണത്തിന് സഹകരിക്കണമെന്ന് അമേരിക്ക. ചൊവ്വാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍, കാനഡയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് യുഎസ് വ്യക്തമാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ‘ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന അങ്ങേയറ്റം ഗുരുതരമായ ആരോപണങ്ങളില്‍ കാനഡയുടെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരു രാജ്യങ്ങളും സഹകരിക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിച്ചു, അങ്ങനെ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത് തുടരുമെന്നും മില്ലര്‍ വ്യക്കമാക്കി. അമേരിക്കയ്ക്ക് ഇന്ത്യ അവിശ്വസനീയമാംവിധം ശക്തമായ ഒരു പങ്കാളിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഡല്‍ഹിയിലെ ‘ഏജന്റുമാര്‍’ പങ്കുണ്ടെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യ-കാനഡ ബന്ധത്തില്‍ വലിയ വിള്ളല്‍ വീണിരുന്നു.
ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകള്‍ കാനഡ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിരസിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ജെസ്റ്റിന്‍ ട്രൂഡോയുടെ ജനപ്രീതി വര്‍ദ്ധിപ്പാക്കാനാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.