ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ നടപടികളുമായി കാനഡ. റോയല്‍ കനേഡിയൻ മൗണ്ടട് പൊലീസിന്റെ (ആർസിഎംപി) തലവൻ കാനഡയിലുള്ള സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ പങ്കുവെക്കാൻ അഭ്യർഥന നടത്തി. ഇന്ത്യയുടെ കനേഡിയൻ മണ്ണിലെ നടപടികളിലെ ആരോപണങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന വിവരങ്ങള്‍ കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.
“ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ നിങ്ങളെ സഹായിക്കാൻ ഞങ്ങള്‍ക്ക് സാധിക്കും. കഴിയുമെങ്കില്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുകയാണ്. ആളുകള്‍ കാനഡയിലേക്ക് വരുന്നത് സുരക്ഷിതമായിരിക്കാനാണ്, നിയമപാലകർ എന്ന നിലയില്‍ ഞങ്ങളുടെ ജോലി സുരക്ഷിത അന്തരീക്ഷം ഒരുക്കുക എന്നതാണ്” ആർസിഎംപി കമ്മിഷണർ മൈക്ക് ദുഹേം റേഡിയോ കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കമ്മിഷണറുടെ പുതിയ നീക്കം. കാനഡയിലുള്ള ലോറൻസ് ബിഷ്ണോയ് സംഘം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞ വാരം നടത്തിയ വാർത്താസമ്മേളനത്തില്‍ ദുഹേം ആരോപിച്ചിരുന്നു. അന്വേഷണങ്ങളില്‍ 30 പേർക്കെതിരെയാണ് കനേഡിയൻ പോലീസ് നടപടിയെടുത്തിരിക്കുന്നത്.
നിജ്ജാർ കൊലപാതകവും ഇന്ത്യൻ ഉദ്യോഗസ്ഥരേയും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവിടാൻ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുകയാണ് അമേരിക്കയും ന്യൂസിലൻഡും. ഖലിസ്ഥാനി നേതാവ് നിജ്ജാറിന്റെ കൊലപാതകുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹകരിക്കാൻ ഇന്ത്യ തയാറാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ.