തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ ശശി തരൂര്‍ പങ്കെടുക്കില്ല. രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിയില്‍ അപമാനിതനായെന്ന പരാതിയിലാണ് തരൂര്‍ വിട്ടുനില്‍ക്കുന്നത്. ഒരിടവേളക്ക് ശേഷം നേതൃത്വവുമായി തരൂര്‍ അടുക്കുന്നതിനിടെയാണ് പൊതുവേദിയില്‍ അദ്ദേഹത്തോടുള്ള അതൃപ്തി രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചത്.
മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്നാണ് തരൂരിന്‍റെ പരാതി. നിര്‍ത്തി അപമാനിക്കും വിധമായിരുന്നു മഹാപഞ്ചായത്ത് വേദിയിലെ രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റമെന്നാണ് ശശി തരൂരിന്‍റെ പരിഭവം. കേരളത്തിലെ സകല നേതാക്കളുടെയും പേര് എടുത്ത് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ അഭിസംബോധനയില്‍ തരൂരിനെ അവഗണിച്ചു. വേദിയില്‍ മറ്റുള്ളവരെ അഭിവാദ്യം ചെയ്തപ്പോള്‍ തരൂരിനെ കണ്ട ഭാവം നടിച്ചില്ല. രാഹുല്‍ ഗാന്ധി വേദിയിലെത്തുമ്പോള്‍ അവസാനിപ്പിക്കും വിധമായിരുന്നു തരൂരിന്‍റെ പ്രസംഗവും ക്രമപ്പെടുത്തിയിരുന്നത്. ഈ അവഗണനയിലാണ് തരൂര്‍ എറണാകുളത്തെ മഹാ പഞ്ചായത്ത് വേദി വിട്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരെ തൊട്ടടുന്ന കസേരയില്‍ നിന്ന് രാഹുല്‍ ഗാന്ധി എഴുന്നേല്‍പിച്ച് വിടുന്നതിന്‍റെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാറില്‍ കയറ്റിയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റത്തില്‍ കടുത്ത അതൃപ്തിയറിയിച്ചാണ് നാളെ ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിന്ന് തരൂര്‍ വിട്ടു നില്‍ക്കുന്നത്.
എഐസിസി ആസ്ഥാനത്ത് നാളെ വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിലയിരുത്തുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രത്തിനൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചയും നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രതിഷേധിച്ച് വിട്ടുനില്‍ക്കുന്ന തരൂര്‍ കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎൽഎഫ്) പങ്കെടുക്കും. വയനാട്ടിലെ ലക്ഷ്യ ക്യാമ്പോടെ അകല്‍ച്ച അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി തരൂര് അടുത്തു വരികയായിരുന്നു. അതിനിടെയാണ് മഹാപഞ്ചായത്തിലെ അവഗണന. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചും ബിജെപി നേതാവുമായ ഗൗതം ഗംഭീറിനുള്ള തരൂരിന്‍റെ പ്രശംസ ചര്‍ച്ചയാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ ഏറ്റവുമധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയെന്നാണ് നാഗ്പൂരില്‍ ഗംഭീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തരൂര്‍ പുകഴ്ത്തിയത്.

