ടെഹ്റാൻ : യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കബറടക്കം ജൂലൈ 9 -ന് നടക്കുമെന്ന് റിപ്പോർട്ട്. മൂന്ന് നഗരങ്ങളിലായി 7 ദിവസം നീണ്ടുനിൽക്കുന്ന സംസ്‌കാര ചടങ്ങാണ് നടക്കുകയെന്ന് ഇറാൻ പ്രസ്സ് ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ടെഹ്റാൻ, ഖൂം, മഷദ് എന്നീ മൂന്ന് നഗരങ്ങളിലായിട്ടായിരിക്കും സംസ്കാര ചടങ്ങുകൾ. ജൂലൈ3 മുതൽ പൊതു ദർശനവും 6, 7, 8 എന്നീ മൂന്ന് ദിവസങ്ങളിൽ ചടങ്ങുകളും നീണ്ടു നിൽക്കും. ഇമാം റെസ ദേവാലയത്തിലായിരിക്കും അന്ത്യവിശ്രമം. ജൂലൈ ഒൻപതിനു മഷദിൽ വെച്ചായിരിക്കും അന്തിമ സംസ്കാര ചടങ്ങുകൾ.
യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഫെബ്രുവരി 28-നാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുന്നത്. ശേഷം ഖമേനിയുടെ മൃതദേഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇറാൻ പുറത്തുവിട്ടിരുന്നില്ല. സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് ജനങ്ങൾക്കായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സമാനതകളില്ലാത്ത പൊതുജന പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്‌താവനയിൽ അറിയിച്ചു.
അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനിയെ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമല്ല. ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മുജ്‌തബ ഖമേനിയെ തിരഞ്ഞെടുത്തെങ്കിലും അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുയിടങ്ങളിൽ വന്നിട്ടില്ല.

