വാഷിംഗ്‌ടൺ: ഇറാനെതിരെ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുദ്ധസാഹചര്യം ഒഴിവായതോടെ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക മാറിയതാണ് വില കുറയാൻ കാരണമായത്.വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് വില 1.3 ശതമാനം ഇടിഞ്ഞ് ബാരലിന് 89.17 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയറ്റ് വില 1.4 ശതമാനം കുറഞ്ഞ് 86.48 ഡോളറിലെത്തി. ഈ ആഴ്ചത്തെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇരു സൂചികകളിലും 4 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇറാൻ അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതിന് പിന്നാലെയാണ് തിരിച്ചടിക്കാൻ യുഎസ് സൈന്യം പദ്ധതിയിട്ടത്. ഇറാനെതിരെ തിരിച്ചടി നൽകുകയും ഇതിലും കടുത്ത ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം ട്രംപ് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.

