Thursday, June 11, 2026
HomeNewsസ്ത്രീ സുരക്ഷയ്ക്കായി തമിഴ്നാട്ടിൽ 'സിങ്കപ്പെൺ': ഡ്രോൺ പട്രോളിങ് ഇന്ത്യയിൽ ആദ്യം നടത്തി വിജയ്

സ്ത്രീ സുരക്ഷയ്ക്കായി തമിഴ്നാട്ടിൽ ‘സിങ്കപ്പെൺ’: ഡ്രോൺ പട്രോളിങ് ഇന്ത്യയിൽ ആദ്യം നടത്തി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ ‘സിങ്കപ്പെൺ’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചെന്നൈ രാജരത്തിനം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സേനയുടെ ചിഹ്നം അനാച്ഛാദനം ചെയ്ത മുഖ്യമന്ത്രി, പട്രോളിങ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. ഭരണമേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്രമസമാധാന പരിപാടികളിൽ ഒന്നാണിത്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊലീസ് സേന സ്ത്രീകൾക്ക് വേണ്ടി ഡ്രോൺ അധിഷ്ഠിത പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്. ബോഡി-വോൺ കാമറകൾ, തത്സമയ സ്ട്രീമിങ് സൗകര്യം, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവ സേനയുടെ ഭാഗമാകും. ആദ്യഘട്ടത്തിൽ 354 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 2,500 പുതിയ തസ്തികകൾ കൂടി ഈ യൂണിറ്റിനായി സൃഷ്ടിക്കും.

തിരക്കേറിയ പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ടി കോറിഡോറുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ഉപദ്രവങ്ങൾ തടയുക, ഹരാസ്‌മെന്റ് കേസുകളിൽ വേഗത്തിൽ ഇടപെടുക, കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുമ്പേ തടയുക തുടങ്ങിയവയാണ് സേനയുടെ പ്രധാന ചുമതല.

ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (IGP) കെ. ഭവാനേശ്വരിയുടെ നേതൃത്വത്തിലായിരിക്കും സേന പ്രവർത്തിക്കുക. പ്രാഥമികമായി 70 യൂണിറ്റുകളാണ് സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിക്കുന്നത്. 140 സബ് ഇൻസ്പെക്ടർമാരും 420 വനിതാ പോലീസ് ഉദ്യോഗസ്ഥരുമാണ് ആദ്യഘട്ടത്തിൽ സേനയിലുള്ളത്. ഓരോ പട്രോളിങ് വാഹനത്തിലും ഒരു സബ് ഇൻസ്പെക്ടർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമുണ്ടാകും.

ചടങ്ങിൽ സംസാരിക്കവെ, സ്ത്രീസുരക്ഷയോടുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി ആവർത്തിച്ചു. ‘സ്ത്രീകൾക്കും കുട്ടികൾക്കും അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് സർക്കാരിന്റെ ലക്ഷ്യം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല’ വിജയ് പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചക്ക് പ്രധാന കാരണം മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനമാണെന്നും, ഇവരെ പൂർണ്ണമായും വേരോടെ പിഴുതെറിയുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മയക്കുമരുന്നും സ്ത്രീസുരക്ഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ഇത്തരം കാര്യങ്ങൾ അവഗണിച്ചതാണ് സ്ഥിതി വഷളാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ നിരപരാധികൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സ്റ്റേഷനുകൾ വിപുലീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ‘സിങ്കപ്പെൺ’ സേനയുടെ പ്രവർത്തനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും, ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഒരു സുരക്ഷാ സംവിധാനമായി ഇതിനെ മാറ്റുമെന്നും സർക്കാർ വ്യക്തമാക്കുന്നു. കൂടാതെ, സ്ത്രീകൾക്ക് സഹായം തേടുന്നതിനായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകളും മൊബൈൽ നമ്പറുകളും ഉടൻ പുറത്തിറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments