തിരുവനന്തപുരം : ആഭ്യന്തര വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി തിങ്കളാഴ്‌ച മാത്രം നടത്തിയ റെയ്ഡിൽ 233 പേർ അറസ്റ്റിലായി. വിവിധ മയക്കുമരുന്നുകൾ കൈവശം വെച്ചതിന് 215 കേസുകളും രജിസ്റ്റർചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.
അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 1442 കേസുകളാണ് സംസ്ഥാനമാകെ ഇതുവരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 1559 പേർ അറസ്റ്റിലായി. 1.13 കിലോഗ്രാം എംഡിഎംഎയും 111.58 കിലോഗ്രാം കഞ്ചാവും 931 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ നേരിട്ടും വാട്സാപ്പ് മുഖേനയും അറിയിക്കാം. നേരിട്ട് വിവരങ്ങളറിയിക്കാനുള്ള നമ്പർ- 9497979794, 9497927797. വാട്‌സാപ്പ് നമ്പർ- 9995966666. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

