Monday, June 8, 2026
HomeNewsഇന്ത്യാ സംഖ്യത്തിന്റെ നിർണായക യോഗം വിളിച്ച് കോൺഗ്രസ്: സിപിഎം, ഡിഎംകെ ഇടഞ്ഞു തന്നെ

ഇന്ത്യാ സംഖ്യത്തിന്റെ നിർണായക യോഗം വിളിച്ച് കോൺഗ്രസ്: സിപിഎം, ഡിഎംകെ ഇടഞ്ഞു തന്നെ

ദില്ലി : ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തിൽ ഇന്ന് നിർണായക ദിനം. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നത് ഇന്ത്യ സഖ്യത്തിന്‍റെ മുന്നോട്ട് പോക്കിൽ നിർണായകമാകും. 23 പാർട്ടികൾ പങ്കെടുക്കുമെന്നാണ് എ ഐ സി സി വക്താവ് ജയറാം രമേശ് അറിയിച്ചിട്ടുള്ളത്. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പന്ത്രണ്ട് മണിക്ക് ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. പശ്ചിമബംഗാളിലെ തൃണമൂല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും, കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കും. യോഗത്തിൽ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡിൽ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ജെ എം എമ്മും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. കോൺഗ്രസിന് ബി ജെ പിയെ നേരിടാൻ കഴിയുന്നില്ലെന്ന വിമർശനവും മുന്നോട്ട് വച്ചാണ് എ എ പി തീരുമാനം അറിയിച്ചത്. യോഗത്തിനെത്തണമെന്ന് കെജ്രിവാളിനോട് മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും യോഗത്തിൽ അറിയിക്കാനാണ് സി പി എം തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസിയായ ഇ ഡി എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ‘മോദി – പിണറായി ഡീൽ’ പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നുമാണ് ബേബിയുടെ വിമർശനം. ജനറല്‍ സെക്രട്ടറിയോ പി ബി അംഗങ്ങളോ പങ്കെടുക്കാത്ത ഇന്നത്തെ യോഗത്തിലേക്ക് ജോണ്‍ ബ്രിട്ടാസ് എം പിയാകും പ്രതിനിധിയായി എത്തുക.

ജാര്‍ഖണ്ഡിലെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെ എം എമ്മും പ്രതിഷേധം അറിയിക്കും.

എന്നാൽ ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡി എം കെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നുമാണ് എം കെ സ്റ്റാലിനും ഡി എം കെയും അറിയിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതൽ അതിന്റെ ശക്തമായ നെടുംതൂണായി പ്രവർത്തിച്ചിരുന്നത് സ്റ്റാലിൻ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് എല്ലാ കക്ഷികൾക്കും ബോധ്യമുള്ള കാര്യമാണെന്നും പാർട്ടി ഓർമ്മിപ്പിച്ചിരുന്നു. കോൺഗ്രസ് നയിക്കുന്ന കൂട്ടായ്മയോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്നും മാറിനിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡി എം കെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിലെ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡി എം കെയുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും ഉണ്ടാകുമെന്നും തങ്ങൾ ഉയർത്തിയ പോരാട്ടങ്ങളിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments