കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുഎസിൽ വൻ വെടിവയ്പ്പ്. ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിൻ്റെ ബേസ് ക്യാമ്പ് നിശ്ചയിച്ചിരിക്കുന്ന കാൻസസ് സിറ്റിയിലെ പരിശീലന കേന്ദ്രത്തിന് തൊട്ടടുത്താണ് അക്രമസംഭവം ഉണ്ടായത്. വെടിവയ്പ്പിൽ ഒൻപത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ കാൻസസ് സിറ്റിയിലെ ട്രൂസ്റ്റ് അവന്യൂവിലാണ് സംഭവം. ഇംഗ്ലണ്ട് ടീമിൻ്റെ ഔദ്യോഗിക ലോകകപ്പ് പരിശീലന കേന്ദ്രമായ ‘സോപ്പ് സോക്കർ വില്ലേജിന്’ ഏതാനും മൈലുകൾ മാത്രം അകലെയാണ് വെടിവയ്പ്പ് നടന്ന പ്രദേശം. ഇവിടെ പ്രവർത്തിച്ചിരുന്ന ഒരു അനധികൃത നൈറ്റ് ക്ലബ്ബിന് സമീപമാണ് അക്രമമുണ്ടായതെന്ന് കാൻസസ് സിറ്റി മേയർ ക്വിൻ്റൺ ലൂക്കാസ് സ്ഥിരീകരിച്ചു.
അപകടം നടക്കുമ്പോൾ ഇംഗ്ലണ്ട് ടീമിലെ കളിക്കാരോ പരിശീലകരോ കാൻസസ് സിറ്റിയിൽ എത്തിയിരുന്നില്ല എന്നത് വലിയ ആശ്വാസമായി. നിലവിൽ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനായി ടീം ഫ്ലോറിഡയിലാണുള്ളത്. പുതിയ പരിശീലകൻ തോമസ് ടുഹേലിൻ്റെ കീഴിലുള്ള ഇംഗ്ലണ്ട് സംഘം വരും ദിവസങ്ങളിൽ മാത്രമേ കാൻസസ് സിറ്റിയിലെ ബേസ് ക്യാമ്പിലേക്ക് മാറുകയുള്ളൂ.
വെടിവയ്പ്പിൽ പരിക്കേറ്റ ഒൻപത് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും കാൻസസ് സിറ്റി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്നും നിരവധി തോക്കുകളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ടീമുകളുടെ ബേസ് ക്യാമ്പുകൾക്ക് സമീപം സുരക്ഷാ ഭീഷണിയുയരുന്ന തരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് കായിക ലോകത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ ടൂർണമെൻ്റിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഫിഫയും പ്രാദേശിക അധികൃതരും വ്യക്തമാക്കി.

