ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വജ്രം കൈവശം വയ്ക്കാൻ തനിക്ക് താല്പര്യമുണ്ടായിരുന്നു എന്ന് മുൻ യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡൻ്റെ വെളിപ്പെടുത്തൽ. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇതിന് വലിയ വില നിശ്ചയിച്ചതോടെ അവർക്ക് അത് ഫെഡറൽ ഗവൺമെൻ്റിന് തിരികെ നൽകേണ്ടി വന്നു. തൻ്റെ ആത്മകഥയായ “View from the East Wing: A Memoir” എന്ന പുസ്തകത്തിലാണ് വൈറ്റ് ഹൗസിലെ ജീവിതത്തെക്കുറിച്ചും സമ്മാനങ്ങൾ സ്വീകരിക്കുന്നതിലെ കർശനമായ നിയമങ്ങളെക്കുറിച്ചും ജിൽ ബൈഡൻ വ്യക്തമാക്കുന്നത്.
“ചിലപ്പോൾ പൂക്കളോ വൈനോ പോലുള്ള ചെറിയ കാര്യങ്ങളായിരിക്കും സമ്മാനമായി കിട്ടുക. എന്നാൽ മറ്റു ചിലപ്പോൾ വലിയ സമ്മാനങ്ങളും ലഭിക്കാറുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ എനിക്ക് തന്ന 7.5 കാരറ്റ് സിന്തറ്റിക് വജ്രം അങ്ങനെയൊന്നായിരുന്നു. ലാബിൽ നിർമ്മിക്കുന്ന രത്നങ്ങളുടെ വിപണിയിൽ ലോകനേതൃത്വത്തിലേക്ക് വരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ പ്രതീകമായിരുന്നു അത്. ആ വജ്രം കണ്ടയുടനെ എൻ്റെ ശ്രദ്ധ അതിലേക്ക് പോയി. അത് ശരിക്കും അതിമനോഹരമായിരുന്നു!”- ജിൽ ബൈഡൻ കുറിച്ചു.
2023 ജൂണിൽ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിച്ചപ്പോഴാണ് 7.5 കാരറ്റ് സിന്തറ്റിക് (ലാബ് നിർമ്മിത) വജ്രം സമ്മാനിച്ചത്. ഈ വജ്രം തന്റെ ജന്മനാട്ടിൽ 2,500 ഡോളറിന് (ഏകദേശം 2.37 ലക്ഷം രൂപ) നിർമ്മിച്ചതാണെന്ന് മോദി ബില്ല് സഹിതം പറഞ്ഞിരുന്നു. എന്നാൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഇത് പരിശോധിച്ചപ്പോൾ ഇതിന് 20,000 ഡോളർ (ഏകദേശം 19 ലക്ഷം രൂപ) വില കണക്കാക്കി. യുഎസ് ധാർമ്മിക നിയമങ്ങൾ അനുസരിച്ച്, ഇത്തരം വലിയ സമ്മാനങ്ങൾ പ്രഥമ വനിതയ്ക്ക് വ്യക്തിപരമായി സ്വന്തമാക്കാൻ കഴിയില്ല. അവ ഫെഡറൽ ഗവൺമെൻ്റിൻ്റെ വകയാണ്. സമ്മാനം സ്വന്തമാക്കണമെങ്കിൽ അതിൻ്റെ യഥാർത്ഥ വിപണി വില സർക്കാരിലേക്ക് അടയ്ക്കണം. വില വളരെ ഉയർന്നതായതുകൊണ്ട് ജിൽ ബൈഡൻ അത് വാങ്ങിയില്ല.
വജ്രം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഔദ്യോഗിക ചടങ്ങുകളിൽ ഇത് ധരിക്കാൻ അവർക്ക് അനുമതി ലഭിച്ചു. ജിൽ ബൈഡൻ ഇത് ഒരു മോതിരമാക്കി മാറ്റി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. എന്നാൽ ഭരണം കഴിഞ്ഞ് വൈറ്റ് ഹൗസ് വിട്ടപ്പോൾ അവർ ഈ വജ്രം തിരികെ നൽകി. മറ്റ് പല പ്രസിഡൻഷ്യൽ സമ്മാനങ്ങളും സൂക്ഷിച്ചിരിക്കുന്ന ഗവൺമെൻ്റ് വെയർഹൗസിലേക്കാണ് ഈ മോതിരവും പോയത്.

