വാഷിംഗ്ടൺ : പ്രമുഖ അമേരിക്കൻ മാധ്യമമായ എൻബിസിയുടെ ‘മീറ്റ് ദ പ്രസ്’ പരിപാടിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അഭിമുഖം പാതിവഴിയിൽ നിർത്തി ഇറങ്ങിപ്പോയി. പ്രശസ്ത അവതാരക ക്രിസ്റ്റൻ വെൽക്കർ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ തെളിവുകൾ നൽകാൻ കഴിയാതെ വന്നതോടെയാണ് മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ട്രംപ് അഭിമുഖത്തിൽ നിന്ന് പിന്മാറിയത്.
വിസ്കോൺസിനിൽ കർഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ഫാമിൽ വെച്ചായിരുന്നു അഭിമുഖം. 2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പും നിലവിൽ കാലിഫോർണിയയിൽ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പും പൂർണ്ണമായും ‘അട്ടിമറിക്കപ്പെട്ടതാണെന്ന്’ ട്രംപ് അഭിമുഖത്തിൽ ആരോപിച്ചു. എന്നാൽ കാലിഫോർണിയയിലെ വോട്ടെണ്ണലിൽ തിരിമറി നടക്കുന്നു എന്നതിന് എന്താണ് തെളിവ് എന്ന് വെൽക്കർ ആവർത്തിച്ച് ചോദിച്ചപ്പോൾ, “ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നത് മാത്രമാണ് എൻ്റെ തെളിവ്” എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ഇത് വ്യക്തമായ തെളിവല്ലെന്ന് അവതാരക ചൂണ്ടിക്കാണിച്ചതോടെ ട്രംപ് പ്രകോപിതനായി.
മാധ്യമങ്ങൾ അഴിമതിക്കാരാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, അവതാരകയ്ക്ക് നേരെയും മോശം പരാമർശങ്ങൾ നടത്തി. “ഒന്നുകിൽ നിങ്ങൾ അഴിമതിക്കാരിയാണ്, അല്ലെങ്കിൽ വിഡ്ഢിയാണ്” എന്ന് പറഞ്ഞ ട്രംപ്, “എനിക്ക് മടുത്തു, നമ്മൾക്കിത് ഇവിടെ നിർത്താം” എന്ന് പ്രഖ്യാപിച്ച് ക്യാമറയ്ക്ക് മുന്നിൽ നിന്നും എഴുന്നേറ്റു പോവുകയായിരുന്നു. മഴയും സാങ്കേതിക തടസ്സങ്ങളും കാരണം വൈകിയ അഭിമുഖം 50 മിനിറ്റോളം നീണ്ടുനിന്ന ശേഷമാണ് ട്രംപ് അവസാനിപ്പിച്ചത്.
അഭിമുഖത്തിന്റെ ഭൂരിഭാഗം സമയവും ഇറാനുമായുള്ള സംഘർഷങ്ങളെ ക്കുറിച്ചായിരുന്നു ചർച്ച. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ അമേരിക്ക ശക്തമായി ഇടപെടണമെന്നും എന്നാൽ ഇത് നീണ്ടുനിൽക്കുന്ന ഒരു യുദ്ധമാകില്ലെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, സർക്കാർ ഏജൻസികൾ അന്യായമായി വേട്ടയാടി എന്ന് അവകാശപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനായി കൊണ്ടുവന്ന 1.8 ബില്യൺ ഡോളറിൻ്റെ ഫണ്ടിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2021 ജനുവരി 6-ലെ കാപ്പിറ്റോൾ കലാപത്തിൽ പങ്കെടുത്തവർക്ക് ഈ ഫണ്ട് ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും ഈ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു.
അഭിമുഖത്തിൽ നിന്ന് ട്രംപ് പെട്ടെന്ന് ഇറങ്ങിപ്പോയെങ്കിലും, പിന്നീട് തങ്ങൾ ഫോണിൽ സംസാരിച്ചതായും മഴ കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾ ഇരുവരും പരസ്പരം അംഗീകരിച്ചതായും അവതാരക ക്രിസ്റ്റൻ വെൽക്കർ അറിയിച്ചു. മറ്റൊരു അഭിമുഖത്തിനായി വീണ്ടും തന്നോടൊപ്പം ഇരിക്കാമെന്ന് ട്രംപ് സമ്മതിച്ചതായും വെൽക്കർ കൂട്ടിച്ചേർത്തു.

