ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു ക്രിമിനൽ ആണെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നതിന്റെ പ്രതീകമായ അദ്ദേഹം ഉടൻ രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമമാണ് നടന്നതെന്നും ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങാൻ കാരണം കേന്ദ്ര മന്ത്രിയുടെ പിടിവാശിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ 19 വയസ്സുകാരനായ സാഹിൽ എന്ന വിദ്യാർത്ഥിയെ അരികിൽ നിർത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സാഹിലിന്റെ കണ്ണിനാണ് പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റത്. വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ചശേഷി തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് പോലും ഉറപ്പില്ലെന്ന് രാഹുൽ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പെല്ലറ്റ് ഗൺ പ്രയോഗത്തിലാണ് പരിക്കേറ്റതെന്ന് സഫ്ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഡൽഹി പോലീസ് ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് ഉണ്ടായത്.
വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളും കേന്ദ്ര സർക്കാർ അടിയന്തരമായി അംഗീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ സമരത്തോടൊപ്പം പ്രതിപക്ഷവും ശക്തമായി നിലയുറപ്പിക്കുമെന്നും, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പരീക്ഷാ രീതിയിലെ മാറ്റങ്ങളും ഇല്ലാതെ ഇനി മുന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

