ഒരു ഇടവേളയ്ക്ക് ശേഷം ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചെന്ന് റിപ്പോർട്ടുകള്‍. ഇന്നലെ രാത്രി ഇരുരാജ്യങ്ങളും പരസ്പരം മിസൈലുകള്‍ തൊടുത്തതോടെ ലോകം വീണ്ടും യുദ്ധമുനമ്പിലായി. കഴിഞ്ഞ ഫെബ്രുവരി 28 -നാണ് ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ ‘ഓപറേഷ്യൻ എപിക് ഫ്യൂരി’ എന്ന സൈനിക നീക്കം തുടങ്ങിയത്. യുദ്ധം രൂക്ഷമായതോടെ ലോകരാജ്യങ്ങള്‍ ഇന്ധനത്തിനായി വലഞ്ഞു. ഇതോടെ പാകിസ്ഥാന്‍റെ നേതൃത്വത്തില്‍ സമാധാന ചർച്ചകള്‍ ആരംഭിക്കുകയും ഇടയ്ക്ക് വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
എന്നാല്‍, ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച വെടിനിർത്തല്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചർച്ചകള്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്.
ഇതിനിടെയാണ് ‘ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണ’മെന്ന് ഇസ്രയേലി തീവ്രപക്ഷ പ്രതിനിധിയും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തത്.’ഇന്ന് രാത്രി ടെഹ്‌റാൻ കത്തിക്കണം’സോഷ്യല്‍ നെറ്റ്‌വർക്ക് എക്‌സിലാണ് ഇസ്രായേലിന്‍റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ “ഇന്ന് രാത്രി ടെഹ്‌റാൻ കത്തിക്കണം!” എന്ന് കുറിച്ചത്. പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ഇസ്രയേലില്‍ മുൻപന്തിയിലാണ് ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ ഇറ്റാമിർ ബെൻ ഗ്വിർ. അദ്ദേഹത്തിന്‍റെ അള്‍ട്രാനാഷണലിസ്റ്റ് ഓട്‌സ്മ യെഹൂദിത് പാർട്ടിയുടെ കൂടി പിന്തുണയോടെയാണ് ബെൻഞ്ചമിൻ നെതന്യുഹു പാർലമെന്‍റില്‍ തന്‍റെ സർക്കാറിന് ആവശ്യമായ മുൻതൂക്കം കണ്ടെത്തിയത്.
തീവ്രവലതുപക്ഷ നിലപാടുകള്‍ കാരണം ഫ്രാൻസ് അയർലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇറ്റാമർ ബെൻ ഗ്വിറിന് അന്താരാഷ്ട്രാ യാത്രാ വിലക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിലെ അറബ് വിരുദ്ധ പ്രത്യയശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ പ്രയോക്താക്കളിലൊരാളാണ് ഇറ്റാമർ ബെൻ ഗ്വിർ. ഇസ്രയേലും യുഎസുമായി ഇറാൻ ഉണ്ടാക്കിയ വെടിനിർത്തല്‍ കരാറുകളെ ഇറ്റാമർ എതിർത്തിരുന്നു. യുദ്ധത്തിനിടെ ഇസ്രയേലിനെതിരെ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ആഗോള ഇടപെടലിനായി ബെൻ ഗ്വിർ അഭ്യർത്ഥനകള്‍ നടത്തി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പുതിയ ആക്രമണത്തിന് ശക്തി പകർന്ന് ‘ഇന്ന് രാത്രി ടെഹ്‌റാൻ കത്തിക്കണം’ എന്ന് ആഹ്വാനം ചെയ്ത് ഇറ്റാമർ വീണ്ടും രംഗത്തെത്തിയത്.
ലെബനണ്‍ ആക്രമിക്കരുതെന്ന് ഇറാൻ സമാധന ചർച്ചകളില്‍ ഇസ്രയേല്‍ തെക്കൻ ലെബനണില്‍ നിന്നും പിന്മാറണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രയേലല്‍ ചെവിക്കൊണ്ടില്ല. ഇതോടെ തെക്കൻ ലെബനണ്‍ കേന്ദ്രീകരിച്ച് ഇറാന്‍റെ പ്രോക്സിയായ ഹെസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയില്‍ ഇസ്രയേലും തെക്കൻ ലെബനണിലേക്ക് തുടർച്ചയായി ആക്രമണം നടത്തുകയും ചില പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബെയ്റൂത്തിലേക്ക് ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് പുതിയ യുദ്ധമുഖം തുറക്കാൻ കാരണമായതായി കരുതപ്പെടുന്നത്. ഇതിന് പിന്നാലെ ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാൻ മിസൈല്‍ വർഷം തന്നെ നടത്തിയെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

