ടെഹ്റാൻ : മേഖലയിൽ തടസ്സപ്പെട്ട വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാന് നേരെ യുഎസ് സൈന്യം ആക്രമണം കടുപ്പിക്കുന്നു. തുടർച്ചയായ 12-ാം രാത്രിയിലും യുഎസ് നടത്തുന്ന വ്യോമാക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ആക്രമണം രൂക്ഷമായതോടെ മേഖലയിലെ ഊർജ്ജ-സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ തിരിച്ചടി നൽകുമെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അന്താരാഷ്ട്ര കപ്പൽപ്പാതകളായ ഹോർമുസ് കടലിടുക്ക്, ബാബ് എൽ-മന്ദെബ് എന്നിവയിലൂടെയുള്ള ചരക്കുനീക്കം ഇതോടെ വലിയ ഭീഷണിയിലാണ്.മേഖലയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണമെന്ന് വ്യക്തമാക്കിയ യുഎസ്, ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
“ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ഇറാൻ ആക്രമിച്ചാൽ, ഓരോ ആക്രമണത്തിനും പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കും”- ട്രംപിന്റെ മുന്നറിയിപ്പ് ഇങ്ങനെ. എന്നാല്‍, ”ഞങ്ങളുടെ പ്രതിരോധ നയം വ്യക്തമാണ് — കണ്ണിന് കണ്ണ്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ അത് ശക്തവും നിർണ്ണായകവുമായ തിരിച്ചടിക്ക് വഴിവെക്കും” എന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ തിരിച്ചടി.യുഎസ് ആക്രമണം തുടർന്നാൽ മേഖലയിലെ എണ്ണ, ഗ്യാസ്, വൈദ്യുതി വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നും മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണ്ണമായി തടയുമെന്നും ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

