ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ കോച്ചെല്ലയില്‍ ഡോണള്‍ഡ് ട്രംപ് റാലിക്ക് സമീപത്തുനിന്നും നിറച്ച കൈത്തോക്കുമായി ഒരാള്‍ പിടിയിലായതായി റിവര്‍സൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് ഞായറാഴ്ച അറിയിച്ചു. രണ്ട് തോക്കുകള്‍ അനധികൃതമായി കൈവശം വെച്ചതിനെ തുടര്‍ന്ന് ലാസ് വെഗാസിലെ 49 കാരനായ വെം മില്ലറെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെക്കുറിച്ച് അറിയാമെന്നും ശനിയാഴ്ച നടന്ന സംഭവത്തില്‍ ട്രംപിനോ റാലിയില്‍ പങ്കെടുത്തവര്‍ക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വെം മില്ലറെ പിന്നീട് ജാമ്യത്തില്‍ വിടുകയും ജനുവരി 2 ന് കോടതിയില്‍ വാദം കേള്‍ക്കുകയും ചെയ്യുമെന്ന് ഷെരീഫ് സംഘം പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റുമാരെയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെയും സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘടന എഫ്ബിഐയും യുഎസ് അറ്റോര്‍ണി ഓഫീസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
റാലിക്ക് സമീപം ഒരു ചെക്ക് പോയിന്റില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കറുത്ത എസ്യുവിയില്‍ കയറുമ്പോഴാണ് സംശയാസ്പദമായി മില്ലറെ അറസ്റ്റ് ചെയ്തത്.