ദുര്‍ഗാപൂജയ്ക്കിടെ ഉത്തര്‍പ്രദേശിലെ ബഹ്‌റായ്ച്ചിലുണ്ടായ സംഘര്‍ഷം തുടരുന്നു. പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. സമാധാനം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും പ്രത്യാഘാതം വലുതാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്നലെ ദുര്‍ഗാപൂജയുടെ ഭാഗമായ ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് മഹാരാജ് ഗഞ്ച് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. പള്ളിക്ക് സമീപം ഉച്ചത്തില്‍ പാട്ടുവച്ചതും ഇതിനെ ചിലര്‍ ചോദ്യംചെയ്തതും സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.തുടര്‍ന്ന് ഒരാള്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങി.
ആള്‍ക്കൂട്ടം തെരുവിലിറങ്ങുകയും ആശുപത്രികള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീയിടുകയും ചെയ്തു. പലയിടത്തും ദുര്‍ഗാപൂജ ഘോഷയാത്രകള്‍ നിര്‍ത്തിവച്ചു. കനത്ത പൊലീസ് സന്നാഹത്തിലാണ് മേഖലയിപ്പോള്‍. കലാപകാരികളെ കണ്ടെത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നും സുരക്ഷയൊരുക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഒരു സമുദായവും മറ്റൊരു സമുദായത്തെ പ്രകോപിപ്പിക്കരുതെന്ന് സമാജ് വാദി പാര്‍ട്ടിയും നിലപാടെടുത്തു.