അബുദാബി : യുഎഇയുടെ വ്യോമാതിർത്തിയിലെ വിമാന സർവീസുകൾ പൂർണമായും സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ഫെബ്രുവരി അവസാനം മേഖലയിലുണ്ടായ സംഘർഷസാഹചര്യങ്ങളെത്തുടർന്ന് മുൻകരുതൽ നടപടിയായി ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് അധികൃതർ പിൻവലിച്ചത്.
നിലവിലെ പ്രവർത്തന സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ നീക്കാൻ അതോറിറ്റി തീരുമാനമെടുത്തത്. ബന്ധപ്പെട്ട മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു ഈ നീക്കം. വ്യോമയാന മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തത്സമയ നിരീക്ഷണ സംവിധാനം തുടരുമെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സാങ്കേതിക വിഭാഗം സുസജ്ജമാണെന്നും അതോറിറ്റി വ്യക്തമാക്കി.നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് പൂർണ സഹകരണം നൽകിയ വിമാനക്കമ്പനികളോടും യാത്രക്കാരോടും അതോറിറ്റി നന്ദി രേഖപ്പെടുത്തി. അസാധാരണ സാഹചര്യങ്ങളിൽ കാണിച്ച ക്ഷമയും സഹകരണവും വ്യോമയാന സുരക്ഷാ നടപടികൾ സുഗമമായി നടപ്പിലാക്കാൻ സഹായിച്ചുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വിമാന സർവീസുകളെയും വ്യോമപാതയെയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് അതോറിറ്റി അഭ്യർഥിച്ചു. തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാനും കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ജിസിഎഎ ഓർമിപ്പിച്ചു.

