Saturday, May 2, 2026
HomeNewsമ്യാൻമറിൽ ബോംബാക്രമണം: അതിർത്തി ഗ്രാമങ്ങളിലേക്ക് അഭയാർത്ഥി പ്രവാഹം

മ്യാൻമറിൽ ബോംബാക്രമണം: അതിർത്തി ഗ്രാമങ്ങളിലേക്ക് അഭയാർത്ഥി പ്രവാഹം

ഇന്ത്യയുമായി 500 കിലോമീറ്ററിലധികം അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന മ്യാൻമറിലെ ചിൻ സ്റ്റേറ്റിൽ വ്യോമാക്രമണങ്ങൾ അതിരൂക്ഷമായി തുടരുകയാണ്. മ്യാൻമർ സൈനിക വ്യോമസേന ഖൗപുയിച്ചിപ് ഗ്രാമത്തിൽ നടത്തിയ ബോംബാക്രമണത്തിൽ ആറ് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, മിസോറാമിലെ ഇൻഡോ-മ്യാൻമർ അതിർത്തിയിൽ വലിയ തോതിലുള്ള അഭയാർത്ഥി പ്രവാഹം റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച നടന്ന ബോംബാക്രമണം അതിർത്തി ഗ്രാമങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചതായി മിസോറാമിലെ സോഖാവ്താർ പൊലീസ് ഓഫീസർ അറിയിച്ചു. ഖൗപുയിച്ചിപ് ഗ്രാമം ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതോടെ മ്യാൻമർ അഭയാർത്ഥികൾ അതിർത്തി കടന്ന് സോഖാവ്താറിലെത്തിയതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭാഗത്തേക്ക് പലായനം ചെയ്ത ഗ്രാമവാസികളുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മ്യാൻമറിലെ ചിൻലാൻഡ് കൗൺസിൽ വക്താവ് ജേക്കബ്.വി.സവ്മ പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള വാംഗ്‌ചിയ, ലിയാൻപുയി എന്നീ ഇന്ത്യൻ ഗ്രാമങ്ങളിൽ നിരവധി പേർ അഭയം പ്രാപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച ഖൗപുയിച്ചിപ്പിലെ താമസസ്ഥലങ്ങളിൽ മ്യാൻമർ സൈന്യം ക്രമരഹിതമായി ബോംബെറിഞ്ഞതായി സവ്മ പറഞ്ഞു. ‘ഗ്രാമത്തിലോ പരിസരത്തോ പ്രതിരോധ സേനയുടെ ക്യാമ്പുകളൊന്നുമില്ലാത്തതിനാൽ, പ്രദേശവാസികളിൽ ഭീതി പടർത്താനാണ് ജുണ്ട സേന ശ്രമിക്കുന്നതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്’. അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.

ചിൻ സ്റ്റേറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള മ്യാൻമർ സൈനിക ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തെഡിം, ഫാലം, കാലേ എന്നിവിടങ്ങളിൽ അവർ ആക്രമണം നടത്തിയിരുന്നു. കാലേ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും സവ്മ കൂട്ടിച്ചേർത്തു.പ്രതിരോധ സേനയുടെയും സാധാരണ ജനങ്ങളുടെയും മനോവീര്യം തകർക്കുന്നതിനായി സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സൈനികേതര കേന്ദ്രങ്ങളെ സൈന്യം പലപ്പോഴും ലക്ഷ്യം വക്കാറുണ്ടെന്ന് ചിൻ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. ചിൻ സ്റ്റേറ്റിലെ ഏകദേശം 90 ശതമാനം പ്രദേശവും നിലവിൽ വംശീയ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ പ്രധാന വ്യാപാര കേന്ദ്രമായ റിഖാവ്താർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ പ്രതിരോധ സേന മോചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ നീക്കങ്ങളെ അടിച്ചമർത്താൻ മ്യാൻമർ സൈന്യം വ്യോമശക്തി ഉപയോഗിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments