Thursday, April 30, 2026
HomeNewsബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് നഗരത്തിലൂടെ നടക്കുമെന്ന് പി.വി. അൻവർ: റിയാസിനോടും വെല്ലുവിളി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് നഗരത്തിലൂടെ നടക്കുമെന്ന് പി.വി. അൻവർ: റിയാസിനോടും വെല്ലുവിളി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം ബാക്കിനിൽക്കെ ബേപ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസിനെതിരെ വെല്ലുവിളിയുമായി യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ.

ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ മിട്ടായി തെരുവ് വഴി റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ കമ്മലിട്ട് നടക്കാൻ തയ്യാറാണെന്ന് അൻവർ പറഞ്ഞു. കോഴിക്കോട്ട് ഫാറൂഖിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ ആത്മവിശ്വാസത്തിൽ മുഹമ്മദ് റിയാസ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. റിയാസ് അവകാശപ്പെടുന്നത് പോലെ 82,000 വോട്ടിന്റെ ഭൂരിപക്ഷമൊന്നും ബേപ്പൂരിൽ കിട്ടാൻ പോകുന്നില്ല. 65,000 വോട്ടിന് മുകളിൽ അദ്ദേഹം കടക്കില്ലെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകൻ മുഹമ്മദ് റിയാസ് പാർട്ടിയിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സി.പി.എമ്മിനെ തകർക്കുന്നതെന്നും പി.ഡബ്ല്യു.ഡിയിൽ ഒരു പ്രവൃത്തിയിൽ മാത്രം 65 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുൻ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് പറഞ്ഞിട്ടും മന്ത്രി എന്തുകൊണ്ട് മറുപടി നൽകുന്നില്ലെന്നും അൻവർ ചോദിച്ചു.

താൻ ഉന്നയിച്ച ‘മരുമോനിസം’ എന്ന വാക്കിനെ വ്യക്തിഹത്യയായി ചിത്രീകരിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. എന്നാൽ യു.ഡി.എഫ് നേതാക്കൾ പണപ്പിരിവ് നടത്തുകയാണെന്ന റിയാസിന്റെ പ്രസ്താവനയാണ് യഥാർഥ വ്യക്തിഹത്യയെന്ന് അൻവർ കുറ്റപ്പെടുത്തി. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ തന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണെന്നും യു.ഡി.എഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അൻവർ അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments